പാചക വാതക പ്രതിസന്ധി നേരിടാനും രാജ്യത്തെ എൽ പി ജി വിതരണം സുഗമമാക്കാനും വിപുലമായ നടപടികളുമായി കേന്ദ്ര സർക്കാർ
Mar 14, 2026, 17:37 IST
പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഉടലെടുത്ത പാചക വാതക പ്രതിസന്ധി നേരിടാനും രാജ്യത്തെ എൽ പി ജി വിതരണം സുഗമമാക്കാനും വിപുലമായ നടപടികളുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ എൽ പി ജി ഉൽപാദനത്തിൽ 31 ശതമാനം വർധനവ് രേഖപ്പെടുത്തിയതായും ലഭ്യതയിൽ നിലവിൽ കുറവില്ലെന്നും വിവിധ മന്ത്രാലയങ്ങൾ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലൂടെ കേന്ദ്ര സർക്കാർ വ്യക്തമാക്കി. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന പരിശോധനകൾ തുടരുകയാണ്. ഉപഭോക്താക്കൾ പാനിക് ബുക്കിംഗ് ഒഴിവാക്കണമെന്നും ഏജൻസികളിൽ നേരിട്ട് പോകാതെ ഡിജിറ്റൽ സംവിധാനങ്ങൾ വഴി സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. ഇതിനായി പ്രത്യേക ബോധവൽക്കരണ ക്യാമ്പയിനുകൾ തുടങ്ങിയതായും കേന്ദ്രം അറിയിച്ചു.