തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് വിരുന്നൊരുക്കി ഗവർണർ
Jan 9, 2026, 13:19 IST
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാരെ ലോക് ഭവനിലേക്ക് ക്ഷണിച്ചു ഗവർണർ രാജേന്ദ്ര അർലേക്കർ. നാളെ വൈകീട്ട് കൂട്ടിക്കാഴ്ചയും ചായ സൽക്കാരവും നടത്തും. തിരുവനന്തപുരം കോർപ്പറേഷനിലെ മുഴുവൻ കൗൺസിലർമാർക്കുമാണ് ക്ഷണം. കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ഗവർണറുടെ ക്ഷണം ഉണ്ടായത്.
നാളെ വൈകുന്നേരം നാലുമണിക്കാണ് ഗവർണറുടെ ചായ സൽക്കാരം. ഈ വിരുന്നിലേക്ക് കോർപ്പറേഷനിലെ മുഴുവൻ കൗൺസിലർമാരേയും ക്ഷണിച്ചിട്ടുണ്ട്. മേയർ വിവി രാജേഷും ബിജെപി കൗൺസിലർമാരും വിരുന്നിൽ പങ്കെടുക്കും. അതേസമയം, കോൺഗ്രസും സിപിഎമ്മും എന്ത് നിലപാട് എടുക്കുമെന്ന് വ്യക്തമല്ല. 29 എൽഡിഎഫ് കൗൺസിലർമാരും 19 യുഡിഎഫ് കൗൺസിലർമാരും ഒരു സ്വതന്ത്രനുമാണ് തിരുവനന്തപുരം കോർപ്പറേഷനിലുള്ളത്.