മാസപ്പടി കേസിൽ പിണറായിയുടെ ഹര്‍ജിയെ അനുകൂലിച്ച് സര്‍ക്കാര്‍
മാസപ്പടിയുമായി ബന്ധപ്പെട്ട ഇ ഡി കത്തിൽ കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ സമർപ്പിച്ച ഹർജിയെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍. കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടതെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു.
പിണറായിക്കെതിരെ എഫ്‌ഐആർ ഇട്ടതിൽ പ്രശ്‌നം എന്തെന്ന ചോദ്യം ഹൈക്കോടതി ആവർത്തിച്ചു. സിംഗിൾ ബെഞ്ചിന്റെ വിധി ഇല്ലെങ്കിലും എഫ്ഐആര്‍ ഇടാമല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ലഭിച്ച തെളിവുകൾ കേസെടുക്കാൻ തൃപ്തികരം അല്ലായിരുന്നുവെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇഡി നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ പര്യാപ്തമല്ലെന്നും പ്രാഥമിക അന്വേഷണം ആവശ്യമായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം, പിണറായി അടക്കമുള്ള പ്രതികളുടെ ഹർജിയെ ഇഡി കോടതിയില്‍ എതിർത്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാൻ കഴിയുമെന്നായിരുന്നു ഇഡിയുടെ ചോദ്യം. അപ്പീലില്‍ വാദം തുടരുകയാണ്.