8 സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാൻ നീക്കം, പുതിയ വൈദ്യുതി നയം കൊണ്ടുവരും-മുഖ്യമന്ത്രി
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായി സര്‍ക്കാര്‍ തീവ്രശ്രമം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ലഭ്യമായ എല്ലാസ്ഥലത്തു നിന്നും വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം 150 മെഗാവാട്ട് ഒഡീഷയില്‍ നിന്ന് വാങ്ങിച്ചു. 150 മെഗാവാട്ട് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്നും വാങ്ങി. വൈദ്യുതിക്കായി എട്ടു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. മഴക്കുറവ് മാത്രമല്ല, വര്‍ധിച്ച ഉപഭോഗവും, സ്വന്തം ഉത്പാദനത്തിന്റെ പിരിമിതികള്‍, രാത്രിയിലെ വര്‍ധിച്ച ഡിമാന്‍ഡ്, സ്‌റ്റോറേജ് സംവിധാനങ്ങള്‍ ഇല്ല എന്നതെല്ലാം പ്രതിസന്ധി രൂക്ഷമാക്കുന്നു. 2500 മെഗാവാട്ടോളം സോളാര്‍ എനര്‍ജി ലഭിക്കുന്നുണ്ടെങ്കിലും സ്‌റ്റോറേജ് ഫെസിലിറ്റി ഇല്ലാത്തത് മൂലം, ഉത്പാദനത്തിന്റെ ഗുണം പീക്ക് അവറില്‍ കിട്ടുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിനേക്കാള്‍ ഇക്കൊല്ലം സെപ്റ്റംബറില്‍ പല കാരണങ്ങളാല്‍ 950 മെഗാവാട്ടിന്റെ ഉപഭോഗം കൂടി. അതിനനുസരിച്ചുള്ള പ്ലാനിങ് കഴിഞ്ഞവര്‍ഷം മുതല്‍ ഉണ്ടായില്ല. ദീര്‍ഘകാല പര്‍ച്ചേസ് ഒന്നും നിലവിലില്ല. നേരത്തെയുണ്ടായിരുന്ന 25 വര്‍ഷത്തേക്കുള്ള, 4 രൂപ 25 പൈസക്കുള്ള എഗ്രിമെന്റ് കഴിഞ്ഞ സര്‍ക്കാര്‍ റദ്ദാക്കി. പകരം കരാര്‍ ഉണ്ടാക്കിയിട്ടുമില്ല. ഈ സര്‍ക്കാര്‍ ദീര്‍ഘകാലത്തേക്കുള്ള കരാറിനായുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.