ഡൽഹിയിൽ അർദ്ധരാത്രിയും സംഘർഷം അഴിച്ചുവിട്ട് സർക്കാർ

 

 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയും വിദ്യാർത്ഥി സംഘടനകളും നടത്തുന്ന സമരം ഡൽഹിയിൽ അർദ്ധരാത്രിയും സംഘർഷഭരിതമായി. കൊണാട്ട് പ്ലേസിൽ പൊലീസ് പ്രതിഷേധക്കാരെ ആക്രമിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

പാർലമെന്റ് പരിസരത്തേക്ക് പ്രതിഷേധക്കാർ എത്തിയേക്കാവുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സമരം ഇന്നും തുടരുമെന്നാണ് സിജെപി അറിയിച്ചിരിക്കുന്നത്. പാർലമെന്റ് സമ്മേളനം തടസ്സപ്പെടുന്നതും പ്രതിഷേധം ശക്തമാകുന്നതും സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

പാർലമെന്റ്‌ മാർച്ചിൽ പങ്കെടുത്ത ആയിരക്കണക്കിന്‌ വിദ്യാർഥികളാണ്‌ പൊലീസിന്റെയും കേന്ദ്രസേനകളുടേയും ക്രൂരമർദനത്തിന്‌ ഇരയായത്‌. പരിക്കേറ്റവർ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്‌. ഇതിൽ ചിലരുടെ നില ഗുരുതരം.

തലയ്‌ക്ക്‌ പരിക്കേറ്റ ഇരുപത്‌ വയസ്സുള്ള വിദ്യാർഥി ആർഎംഎൽ ആശുപത്രിയിലെ ഐസിയുവിലാണ്‌. പരിക്കേറ്റവരെ സന്ദർശിക്കാൻ ആരെയും അനുവദിക്കുന്നില്ല. ചികിത്സയിലുള്ളവർക്കും സന്ദർശിക്കാനെത്തുന്നവർക്കുമെതിരെ കള്ളക്കേസ്‌ രജിസ്റ്റർ ചെയ്യുന്നുമുണ്ട്‌.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയും ഡൽഹിയിലെ പോലീസ് നടപടിയും ഉന്നയിച്ച് ഇന്നും പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമാകാനാണ് സാധ്യത. സിപിഐ എം എംപിമാരായ അമ്രാ റാം, കെ രാധാകൃഷ്‌ണൻ, ഡോ. ജോൺ ബ്രിട്ടാസ്‌, ഡോ. വി ശിവദാസൻ, എ എ റഹീം, സു വെങ്കിടേശൻ, ആർ സച്ചിതാനന്ദം, സിപിഐ എംപിമാരായ പി സന്തോഷ്‌ കുമാർ‍, പി പി സുനീർ, കെ സുബ്ബരായൻ‍, കേരള കോൺഗ്രസ്‌(എം) എംപി ജോസ് കെ മാണി എന്നിവർ ജന്തർ മന്തറിൽ പ്രകടനമായെത്തി സമരത്തിന് പിന്തുണ നൽകി.