സ്വകാര്യ- വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സർക്കാർ

 

 

സ്വകാര്യ- വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സർക്കാർ. സ്വകാര്യ സർവകലാശാലകൾക്ക് സർക്കാർ ഭൂമി നൽകും. കമ്പോള വില ഈടാക്കി, 20 ഏക്കർ വരെയുളള സർക്കാർ പുറമ്പോക്ക് ഭൂമി പതിച്ച് നൽകും. സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നതിനുളള ഭൂമിക്ക് നികുതിയിളവും നൽകും. കമ്പോള വിലയ്ക്ക് ഭൂമി പാട്ടത്തിന് നൽകുന്നതും സർക്കാർ പരിഗണിക്കും. 100 ഏക്കർ വരെയുളള ഭൂമിക്ക് പത്ത് വർഷത്തേക്ക് സ്റ്റാംപ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകും.

ഉന്നത വിദ്യാഭ്യാസം നൽകുന്നതിനും ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് സർക്കാർ സ്വകാര്യ- വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്യുന്നത്. വിദേശ വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും വിസ, വർക്ക് പെർമിറ്റ്, താമസാനുമതി
എന്നിവയ്ക്കുള്ള രേഖകൾ തയ്യാറാക്കുന്നതിന് സർക്കാർ സഹായം നൽകും. സ്വകാര്യ സർവകലാശാല ബില്ലിലാണ് വിദേശ സർവകലാശാലകൾക്കും അനുമതി നൽകുന്ന വ്യവസ്ഥ.

വിദേശ സർവകലാശാലകൾ സ്ഥാപിക്കാൻ സഹകരണ സംഘം രജിസ്റ്റർ ചെയ്യണം. യുജിസി വ്യവസ്ഥകൾ പാലിക്കുന്നു എന്ന് ഉറപ്പാക്കാനാണ് സൊസൈറ്റി സ്ഥാപിക്കണമെന്ന വ്യവസ്ഥ. സൊസൈറ്റി വിദേശ സർവകലാശാലയുടെ സ്പോൺസറിങ്ങ് ബോഡിയായി പ്രവർത്തിക്കണം. വിദേശ സർവകലാശാലകൾക്ക് ഒപ്പം, വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.
ഇന്ത്യൻ സർവകലാശാലയും ചേർന്നുള്ള സംയുക്ത സംരംഭങ്ങൾക്കും പ്രവർത്തനാനുമതി
നൽകും.കേരള നോളജ് വാലി ഏരിയക്കുള്ളിൽ ക്യാമ്പസോ കേന്ദ്രമോ സ്ഥാപിക്കാനാകും അനുമതി. ഭൂമി/കെട്ടിട കൈമാറ്റത്തിനും പാട്ടത്തിനും ആദ്യ 10 വർഷത്തേക്ക് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇളവും, കെട്ടിട-വസ്തു നികുതി ഇളവും ലഭിക്കും.