കെആര്‍ മീരയ്ക്കു മറുപടിയുമായി ഹരിത സാവിത്രി

 

കെ ആര്‍ മീരയുടെ 'കലാച്ചി'യും തന്റെ നോവലായ 'സിന്നും' തമ്മിലുള്ള പ്രമേയ സാമ്യ വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി എഴുത്തുകാരി ഹരിത സാവിത്രി രംഗത്ത്. എഴുത്തുകാര്‍ സമാനമായി ചിന്തിക്കുന്നത് പുതിയ കാര്യമല്ല. പക്ഷെ, സിന്‍ ഇറങ്ങിയപ്പോള്‍ തന്നെ അവരത് വായിച്ചു. അതില്‍ എന്താണ് ഉള്ളത് എന്ന് അറിയാവുന്ന സ്ഥിതിയ്ക്ക് കടന്നു കൂടിയ അടിസ്ഥാനപരമായ സാമ്യങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും ഹരിത ഫേസ്ബുക്കില്‍ കുറിച്ചു.

2020ല്‍ കെ ആര്‍ മീര 'കലാച്ചി' എന്ന നോവലിന്റെ ആറ് അധ്യായങ്ങള്‍ മാത്രമാണ് ട്രൂ കോപ്പി വെബ്സീനില്‍ പ്രസിദ്ധീകരിച്ചതെന്ന് ഹരിത പറഞ്ഞു. ഈ സത്യം മറച്ചുവെച്ച് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ എന്താണ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് കെ ആര്‍ മീരയുടെ പേര് പരാമര്‍ശിക്കാതെ ഹരിത ചോദിച്ചു. നോവല്‍ വായിച്ച് കുറച്ച് മുന്നോട്ട് പോയപ്പോള്‍ തന്റെ നോവലായ സിന്നുമായി ബേസിക് ത്രെഡില്‍ സാമ്യം തോന്നുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

വിവാദം വഷളാക്കിയത് രാധിക സി നായരും അവരുടെ ഭര്‍ത്താവും നിരൂപകനുമായ പി കെ രാജശേഖരനുമാണെന്ന് ഹരിത കുറിപ്പില്‍ പറയുന്നു. പുസ്തകത്തിന്റെ ആശയ മോഷണത്തെക്കുറിച്ച് ആരുടെയും പേരെടുത്ത് പറയാതെ താന്‍ ഫേസ്ബുക്കില്‍ ഇട്ട പൊതുവായ പോസ്റ്റില്‍ നിന്നാണ് യഥാര്‍ഥത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നതെന്ന് അവര്‍ വിശദീകരിക്കുന്നു.