വെള്ളാപ്പള്ളിയുടെ പത്മഭൂഷണ്‍ പുരസ്‌കാരത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

 

 

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ പുരസ്‌കാരം സമ്മാനിച്ചതില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. വെള്ളാപ്പള്ളിക്ക് നല്‍കിയ പത്മഭൂഷണ്‍ പുരസ്‌കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി നിലപാട് അറിയിച്ചത്. ഹര്‍ജി ഹൈക്കോടതി തള്ളി.കേസുണ്ടെന്ന കാരണത്താല്‍ ഒരാളെ കുറ്റക്കാരനായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വെള്ളാപ്പള്ളി നടേശനെതിരായ കേസുകളില്‍ ഇതുവരെ വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ചിട്ടില്ല. ചില കേസുകളില്‍ സുപ്രീംകോടതി നടപടികള്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഭാവിയില്‍ ഒരു വ്യക്തി കുറ്റക്കാരനാണെന്ന് നിയമപരമായി തെളിയുകയോ, അനുയോജ്യമായ സാഹചര്യങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍, രാഷ്ട്രപതിക്ക് പുരസ്‌കാരം റദ്ദാക്കാനുള്ള അധികാരം നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ശ്രീനാരായണ ധര്‍മ്മപ്രബോധന സംരക്ഷണ സമിതിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ക്രിമിനല്‍ കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് പുരസ്‌കാരം നല്‍കുന്നത് നിയമ വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. കേസുകള്‍ പരിശോധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് വീഴ്ച പറ്റിയെന്നും പുരസ്‌കാരം നല്‍കാനുള്ള നടപടികള്‍ തടയണമെന്നുമായിരുന്നു ആവശ്യം.