ഡോക്ടർ' പദവി: ഐഎംഎയുടെ അപ്പീൽ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി
Updated: Feb 24, 2026, 12:36 IST
ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും പേരിന് മുന്നിൽ ഡോക്‌ടർ എന്ന് ഉപയോഗിക്കുന്നത് വിലക്കണമെന്ന ഐഎംഎയുടെ ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. അംഗീകൃത മെഡിക്കൽ ഡിഗ്രിയില്ലാത്ത ഫിസിയോ തെറപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറപ്പിസ്റ്റുകളും പേരിന് മുൻപിൽ ഡോക്ടർ എന്ന പദവി ഉപയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജികൾ. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെതിരെയാണ് ഐഎംഎ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന് ജസ്റ്റിസുമാരായ സുശ്രുത് എ. ധർമാധികാരിയും പി.വി ബാലകൃഷ്ണനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.ആവശ്യം സർക്കാരിന് മുന്നിൽ ഉന്നയിച്ചാൽ അതിൽ വേഗത്തിൽ നടപടി സ്വീകരിക്കാൻ നിർദേശിക്കാമെന്നും കോടതി വ്യക്തമാക്കി. ഐഎംഎ അഭിഭാഷകർ നിലപാട് അറിയിക്കാൻ സമയം ആവശ്യപ്പെട്ടതിനാൽ ഹർജി മാർച്ച് മൂന്നിന് പരിഗണിക്കാനായി മാറ്റി. ഫിസിയോ തെറപ്പിസ്റ്റുകൾക്ക് ഡോക്ടർ”എന്ന പദവി ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നാണ് ഐഎംഎയുടെ അപ്പീലിലെ വാദം. മെഡിക്കൽ കൗൺസിൽ നിയമത്തിലോ അനുബന്ധ നിയമങ്ങളിലോ ഡോക്ടർ പദവി മെഡിക്കൽ പ്രൊഫഷണലുകൾക്ക് മാത്രമായി നിജപ്പെടുത്തിയിട്ടില്ലെന്നും സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് മുൻപ് ഐ.എം.എയുടെ ഹർജി തള്ളിയത്.