മുസ്ലീം ലീഗ് നേതൃത്വത്തിന് നന്ദി പറഞ്ഞ് ഡോ. എം കെ മുനീര്‍

 
വീടിന്റെ ജപ്തി ഭീഷണിയില്‍ ഇടപെട്ട് ബാധ്യത തീര്‍ത്ത മുസ്ലീം ലീഗ് നേതൃത്വത്തിന് നന്ദി പറഞ്ഞ് ഡോ. എം കെ മുനീര്‍. എം കെ മുനീറിന്റെ 49 ലക്ഷം രൂപയുടെ വായ്പ അടച്ച് തീര്‍ത്തതിന് പിന്നാലെയാണ് മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറിന്റെ പ്രതികരണം. 'വിഷമിക്കേണ്ട, പാര്‍ട്ടി കൂടെയുണ്ട്'എന്ന ഉറച്ച ആശ്വാസവാക്കുകളോടെ കൂടെ നിന്ന നേതൃത്വത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു. ആത്മവിശ്വാസവും ശക്തിയും പകര്‍ന്നു തന്ന പ്രിയപ്പെട്ട സയ്യിദ് സ്വാദിക്കഖലി ശിഹാബ് തങ്ങള്‍, ജ്യേഷ്ട സഹോദരനെ പോലെ കൂടെ തന്നെ നിന്ന കുഞ്ഞാലിക്കുട്ടി എന്നു തുടങ്ങി നേതാക്കളെ പേരെടുത്ത് പറഞ്ഞാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മുന്‍ മന്ത്രി പ്രതികരിച്ചത്.മുസ്ലീം ലീഗ് നേതൃത്വം ലീഗിന്റെ അക്കൗണ്ടില്‍ നിന്നാണ് കാലിക്കറ്റ് ടൗണ്‍ സഹകരണ ബാങ്കിലേക്ക് പണം കൈമാറിയത്. വായ്പാ ബാധ്യത പരിഹരിക്കാമെന്ന് പറഞ്ഞ് പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീം ലീഗ് പണം അടച്ചത്.