വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, 40 കിലോമീറ്റർ വേഗത്തിൽ കാറ്റ്; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. തെക്കുകിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്ന വടക്കൻ കേരളതീരത്തിനും മുകളിലായാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. മഴ മുന്നറിയിപ്പ് അനുസരിച്ച് വ്യാഴാഴ്ച മുതൽ പരക്കെ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.