സംസ്ഥാനത്ത് മഴ ശക്തമാകുന്നു: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

 

 

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം ഇന്നലെ അർദ്ധരാത്രിയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ ലഭിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും റിപ്പോർട്ട് ചെയ്തു. തുടർച്ചയായ മഴയിൽ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശം. കോട്ടയം, ഇടുക്കി പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.