സംസ്ഥാനത്ത് മധ്യ-തെക്കൻ കേരളത്തിൽ മഴ ശക്തം; തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം
സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. മധ്യ - തെക്കൻ കേരളത്തിൽ മഴ ശക്തമാണ്. കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിലും ഗ്രാമീണ മേഖലയിലും വ്യാപക നാശനഷ്ടമുണ്ടായി. നഗരത്തിൽ 14 ഇടങ്ങളിൽ വെള്ളം കയറി . റോഡുകളും വീടുകളും വെള്ളത്തിലായി. വേളി പൊഴി മുറിക്കാൻ വൈകിയതിനെ തുടര്‍ന്ന് ആക്കുളം ഉള്ളൂര്‍ റോഡിൽ വെള്ളം കയറി. നെയ്യാർ ഡാമിന്‍റെ നാല് ഷട്ടറുകൾ 10 സെന്‍റിമീറ്റര്‍ തുറന്നു. ഇടുക്കിയിലും പത്തനംതിട്ടയിലും കനത്ത മഴയിൽ നാശനഷ്ടമുണ്ടായി. തിരുവനന്തപുരം നഗരത്തിൽ തമ്പാനൂര്‍, കിഴക്കേക്കോട്ട, ബേക്കറി ജംഗ്ഷന് എന്നിവയടക്കം പല സ്ഥലങ്ങളിലും വെളളക്കെട്ടുണ്ടായി. സ്മാര്‍ട് സിറ്റി പദ്ധതിയിൽ റോഡുകള്‍ പുനര്‍ നിര്‍മിച്ചെങ്കിലും കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടാകുന്ന സ്ഥിതിക്ക് മാറ്റമുണ്ടായില്ല. പലയിടത്തും കച്ചവടസ്ഥാപനങ്ങള്‍ തുറക്കാന് കഴിയാത്ത അവസ്ഥയായിരുന്നു. ആക്കുളം -ഉള്ളൂര്‍ റോഡിലും വെളളക്കെട്ട് രൂപപ്പെട്ടതോടെ വാഹനങ്ങള്‍ കുടുങ്ങി. വേളി പൊഴി മുറിക്കാൻ വൈകിയതാണ് കാരണമെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ വിമര്‍ശിച്ചു.കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകും.
കരമന മേലാറന്നൂരിൽ വീടുകളിൽ വെള്ളം കയറി. വീടിൽ കുടുങ്ങിയവരെപൊലീസും അഗ്നിശമനസേനയും ചേര്‍ന്ന് പുറത്തെത്തിച്ചു. കാട്ടാക്കടയിൽ അഞ്ചു വീടുകൾ വെള്ളത്തിലായി. അഞ്ചു തെങ്ങിൻ മൂട്, കുളത്തുമ്മൽ തോടിനു സമീപത്തെ വീടുകളിലാണ് വെള്ളം കയറിയത്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇവിടുത്തെ കലുങ്ക് അടച്ചാണ് കാരണം. നെയ്യാറ്റിൻകര അരുവിയോട് പാലത്തിന്‍റെ ബണ്ഡ് തകർന്നു പാലം അപകടാവസ്ഥയിലായി.വിളപ്പിൽ ക്ഷേത്രത്തിന് സമീപം എം എൽ എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വയോജനപാര്‍ക്കിന്‍റെ ഭിത്തി തകര്‍ന്നു. മറ്റന്നാള്‍ ഉദ്ഘാടനം ചെയ്യാനിരുന്നതാണ് 50 ലക്ഷം രൂപ ചെലവിൽ നിര്‍മിച്ച പാര്‍ക്ക്.പൊൻമുടി അടക്കം ജില്ലയിലെ പ്രധാന വിനോദ സഞ്ചാരങ്ങള്‍ അടച്ചു. വാമനപുരം നദിയിൽ നീരൊഴുക്ക് ഉയർന്നിട്ടുണ്ട്. ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ കൃഷി ഭൂമി ഒലിച്ചുപോയി. കുരുമുളക്,ഏലം, കാപ്പി തുടങ്ങിയ വിളകള്‍ നശിച്ചു. പാമ്പ്ല അണക്കെട്ടിന്‍റെ ഒരു ഷട്ടർ 30 സെന്‍റി മീറ്റർ ഉയർത്തി. പത്തനംതിട്ടയിൽ ഇലന്തൂരിൽ വീടിന്‍റെ മതിലിടിഞ്ഞ് സംസ്ഥാന പാതയിലേക്ക് വീണു. തലയിറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. മലയോര മേഖലയിൽ ഉൾപ്പെടെ ജാഗ്രത തുടരുകയാണ്.