സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത; ശബരിമലയിലും ജാഗ്രത നിർദ്ദേശം

 

കേരളത്തിൽ ഇന്നും നാളെയും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. 16.5 മില്ലിമീറ്റർ മുതൽ 64.5 മില്ലിമീറ്റർ വരെയുള്ള മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് വ്യാപകമായി പെയ്ത മഴ മലയോര മേഖലകളിൽ മണിക്കൂറുകളോളം നീണ്ടുനിന്നിരുന്നു. ഈ സാഹചര്യത്തിൽ മലയോര മേഖലകളിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. നാളെ പാലക്കാട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ മഴ തുടർന്നേക്കും. അന്തരീക്ഷം മേഘാവൃതമായി തുടരുന്നത് പകൽ സമയത്തെ താപനിലയിലും വ്യത്യാസം വരുത്തിയിട്ടുണ്ട്.

മകരവിളക്ക് ദർശനത്തിനായി ശബരിമല ഒരുങ്ങവെ, പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഒന്നോ രണ്ടോ തവണ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ തീർത്ഥാടകർ മുൻകരുതൽ എടുക്കണമെന്ന് നിർദ്ദേശമുണ്ട്. മകരജ്യോതി ദർശനത്തിനായി എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരെ കണക്കിലെടുത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.