ദില്ലിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്
ദില്ലിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയെത്തുടർന്ന് 18 വിമാനങ്ങളാണ് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റദ്ദാക്കിയത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദില്ലി തലസ്ഥാന നഗര മേഖലയിൽ കനത്ത മഴയാണ്. ദില്ലിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. മഴ കനത്തതോടെ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിലും ഗതാഗതക്കുരുക്കിലും സ്തംഭിച്ചു. കനത്തമഴയെത്തുടർന്ന് ഗുരുഗ്രാമിലെ സോഹ്ന റോഡിൽ രണ്ടടിയോളം വെള്ളം ഉയർന്നതിനെത്തുടർന്ന് നാല് കിലോമീറ്റർ നീണ്ട ഗതാഗതക്കുരുക്കാണുണ്ടായത്. ഗുരുഗ്രാമിൽ വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടർന്ന് ഹരിയാനയിലെ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ രൺദീപ് സിംഗ് സുർജേവാല രംഗത്ത് എത്തി.
അടിസ്ഥാന സൗകര്യങ്ങൾക്കായി 1,400 കോടി രൂപ ചെലവഴിച്ചിട്ടും കുട്ടികൾ അടക്കമുള്ളവർ വെള്ളക്കെട്ടിൽ കുടുങ്ങിയെന്ന് സുർജേവാല കുറ്റപ്പെടുത്തി. കനത്ത മഴയെത്തുടർന്ന് കോർപ്പറേറ്റ് ഓഫീസുകൾ, സർക്കാർ, സ്വകാര്യ സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാരോട് വർക്ക് ഫ്രം ഹോമോ ഓൺലൈൻ ക്ളാസുകളോ നടത്താൻ നിർദ്ദേശിക്കണമെന്ന് ഗുരുഗ്രാമിലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പട്ടു. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ കനത്ത മഴ സാരമായി ബാധിച്ചു.