ട്രെയിനിൽ നടുക്കുന്ന ക്രൂരത; യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു

 

 

തമിഴ്നാട്ടിലെ നാഗർകോവിലിൽ ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു. നാഗർകോവിൽ റെയിൽവേ സ്റ്റേഷൻ യാർഡിലെ കോച്ചിനുള്ളിൽ ആണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതി കന്യാകുമാരി സ്വദേശി അയ്യപ്പൻ (31) അറസ്റ്റിലായി. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനായിട്ടില്ല.

ഇക്കഴിഞ്ഞ 18ന് രാവിലെ എട്ടുമണിയോടെ ആണ് നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ 13-ാം നമ്പർ യാർഡിൽ നിർത്തിയിട്ടിരുന്ന നാഗർകോവിൽ - കോട്ടയം ട്രെയിനിൻ്റെ കോച്ചിനുള്ളിൽ സീറ്റിനടിയിലായി അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കേസ് ഏറ്റെടുത്ത പ്രത്യേക സംഘം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. നവംബർ 14ന് രാവിലെ എട്ടുമണിക്ക് കൊലപാതകം നടന്ന കോച്ചിൽ നിന്ന് വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ ഇറങ്ങിവരുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. തുടരന്വേഷണത്തിലാണ് ഇയാളാണ് കൊലയാളിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്.