പെരുമ്പാവൂരില്‍ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത്; സാമ്പത്തിക ഇടപാടില്‍ സംസ്ഥാനത്ത് നാലിടത്ത് ഇഡി റെയ്ഡ്

 

 

പെരുമ്പാവൂരില്‍ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാലിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പാലക്കാട് രണ്ടിടത്തും കോഴിക്കോട് രണ്ടിടത്തുമാണ് റെയ്ഡ്. ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ മറവിലുള്ള കള്ളപ്പണ ഇടപാടിലാണ് ഇഡി പരിശോധന നടത്തുന്നത്.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കഴിഞ്ഞമാസമാണ് ദമ്പതികള്‍ എന്നവകാശപ്പെടുന്ന രണ്ടുപേരെ 18 കിലോ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇതിനു പിന്നില്‍ ബാങ്കോക്ക് കേന്ദ്രീകരിച്ചുള്ള വലിയ ശൃംഖലയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ആലുവ പൊലീസ് ഈ മാഫിയയുമായി ബന്ധമുള്ള 10 പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഇവരില്‍ മൂന്നുപേരുടെ അടക്കം നാലു വീടുകളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. പാലക്കാട് സ്വദേശികളായ അബു താഹിര്‍, ഹരികൃഷ്ണന്‍, കോഴിക്കോട് സ്വദേശികളായ ജയ്‌സല്‍, ജഗത് എന്നിവരുടെ വീടുകളിലാണ് പരിശോധന. ഇതില്‍ ജയ്‌സല്‍ ഇതുവരെ പിടിയിലായിട്ടില്ല. ഇയാളാണ് ബാങ്കോക്കിലിരുന്ന് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.