എല്ലാവരും മാധ്യമപ്രവർത്തകരായാൽ അത് മറ്റുള്ളവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും- സുപ്രീം കോടതി

 

 

രാജ്യത്തെ ഓരോ പൗരനും മാധ്യമപ്രവർത്തകനാകാൻ തുടങ്ങിയാൽ അത് മറ്റുള്ളവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് സുപ്രീം കോടതി. രജിസ്റ്റർ ചെയ്ത മാധ്യമസ്ഥാപനങ്ങളിൽ നിന്നുള്ള അംഗീകൃത ലേഖകർക്ക് പുറമെ ഫ്രീലാൻസ് മാധ്യമപ്രവർത്തകർ, സ്വതന്ത്ര മാധ്യമപ്രവർത്തകർ, റീൽസ് നിർമാതാക്കൾ എന്നിവർ പ്രതിഷേധ സ്ഥലങ്ങളിൽ വലിയതോതിൽ എത്തുന്ന പശ്ചാത്തലത്തിൽ, അവരുടെ അഭിപ്രായ സ്വാതന്ത്ര്യാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജികൾ പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സ്വതന്ത്ര, ഫ്രീലാൻസ് മാധ്യമപ്രവർത്തകരെ ഡൽഹി പോലീസ് അംഗീകരിക്കുന്നില്ലെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അക്രഡിറ്റേഷൻ വേണമെന്ന് നിർബന്ധം പിടിക്കുകയാണെന്നും മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ് ചൂണ്ടിക്കാട്ടി. തൊഴിൽദാതാവിന്റെ ഐഡന്റിറ്റി കാർഡുള്ള ഏതൊരു മാധ്യമപ്രവർത്തകന്റെയും പ്രൊഫഷണൽ ജോലിയെ പോലീസ് തടസ്സപ്പെടുത്താതിരിക്കാൻ ഒരു ദേശീയ പ്രോട്ടോക്കോൾ ഉണ്ടായിരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ പേരിൽ എല്ലാ പൗരന്മാർക്കും മാധ്യമപ്രവർത്തകരാകാനാകുമോ എന്നകാര്യം വിശദമായി പരിശോധിക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. "നാം ഒരു കാര്യം മനസ്സിൽ വെക്കണം. എല്ലാവരും മാധ്യമപ്രവർത്തകരാകാൻ തുടങ്ങിയാൽ, അത് മറ്റുള്ളവർക്കെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കും. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും മാധ്യമപ്രവർത്തകരാകാൻ അധികാരം നൽകുന്നുണ്ടോ എന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. അത് ബുദ്ധിമുട്ടാണ്. അക്രഡിറ്റഡ് മാധ്യമപ്രവർത്തകർ, രജിസ്റ്റർ ചെയ്ത മാധ്യമസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ, ഫ്രീലാൻസ് മാധ്യമപ്രവർത്തകർ, ഇൻഫ്ലുവൻസർമാർ, റീൽസ് നിർമ്മാതാക്കൾ എന്നിവർക്കെല്ലാം സുരക്ഷയുടെ വിവിധ തലങ്ങളാണുള്ളത്," അദ്ദേഹം പറഞ്ഞു.