എൻഇപി എല്ലാവരും നടപ്പിലാക്കുന്നെങ്കിൽ കേരളത്തിലും നടപ്പിലാക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ
ദേശീയ വിദ്യാഭ്യാസ നയം എല്ലാവരും നടപ്പിലാക്കുന്നെങ്കിൽ കേരളത്തിലും നടപ്പിലാക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയൻ പറഞ്ഞാൽ സിപിഐയുടെ എതിർപ്പ് മാറിക്കോളുമെന്നും അദ്ദേഹം പറഞ്ഞു. `ദേശീയ വിദ്യാഭ്യാസ നയം എല്ലാവരും നടപ്പിലാക്കുന്നെങ്കിൽ നമ്മളും നടപ്പിലാക്കണം. എൻഇപി മറ്റെല്ലാവരും നടപ്പാക്കുമ്പോൾ കേരളം മാത്രം എന്തിന് മാറി നിൽക്കണം? സിപിഐ എല്ലാ കാര്യങ്ങളും അവസാനം സമ്മതിക്കും. മൗനം വിദ്വാന് ഭൂഷണം അതാണ് സിപിഐക്ക് നല്ലത്. കാവി വൽക്കരണം എന്ന് പറഞ്ഞ് എതിർത്തിട്ട് കാവി എവിടെ വരെ എത്തി? പത്തുകൊല്ലമായി രാജ്യം ഭരിക്കുന്നില്ലേ. സിപിഐ എതിർപ്പ് മാറിക്കോളും. പിണറായി പറഞ്ഞാൽ മിണ്ടാതിരുന്നോളും.'- വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള
ശബരിമല സ്വർണക്കൊള്ളയിൽ ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെയെന്ന് വെള്ളാപ്പള്ളി നടേശൻ. സകല ദേവസ്വം ബോർഡുകളും പിരിച്ചുവിടണം. ഇക്കാര്യം സർക്കാരിനെതിരെ തിരിച്ചു വിടുന്നത് എന്തിനാണ്? ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തികച്ചും രാഷ്ട്രീയമാണ്. പുതിയ സംവിധാനം ആക്കണം. ഐഎഎസ് ഉദ്യോഗസ്ഥനെ സെക്രട്ടറിയായി നിയമിക്കണം. ഹൈക്കോടി ശക്തമായ നടപടി എടുക്കുന്നുണ്ട്. സർക്കാരും നല്ല നടപടികൾ എടുക്കുന്നു. പിന്നെ എന്തിന് ഹൈന്ദവ സംഘടനകൾ പ്രതിഷേധിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.