'എതിർപ്പുണ്ടെങ്കിൽ സ്വന്തമായി സിനിമയെടുക്കൂ;'രാമായണ' പ്രദർശനം ചോദ്യം ചെയ്ത ഹർജി അടിയന്തരമായി പരിഗണിക്കില്ല; സുപ്രീം കോടതി

 

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'രാമായണ' സിനിമയുടെ പ്രദർശനം ചോദ്യം ചെയ്തുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. വിഷയം പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

ചിത്രത്തിൽ വസ്തുതകൾ വളച്ചൊടിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. എന്നാൽ, സിനിമ കാണാൻ ആഗ്രഹിച്ചവരെല്ലാം ഇതിനകം കണ്ടുകഴിഞ്ഞെന്നും ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണെന്നും കോടതി നിരീക്ഷിച്ചു.

ചിത്രത്തോട് എതിർപ്പുള്ളവർക്ക് അവരുടേതായ രീതിയിൽ സിനിമ നിർമിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു. 'അവർക്ക് മനസ്സിലായ രീതിയിൽ അവർ സിനിമയെടുത്തു. നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ നിങ്ങൾ സിനിമയെടുക്കൂ. വെറുതെ കോടതിയുടെ സമയം കളയരുത്', ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി പറഞ്ഞു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.