കോഴിക്കോട് കാട്ടാന കമ്പി തുളഞ്ഞു കയറി ചരിഞ്ഞു

 

പെരുവണ്ണാമുഴിയില്‍ കമ്പി തുളഞ്ഞു കയറി കാട്ടാന ചരിഞ്ഞു. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെയാണ് സംഭവം.

പെരുവണ്ണാമുഴി പയ്യാനിക്കോട്ടയില്‍ രാത്രി രണ്ടുമണിയോടെയാണ് സംഭവം. പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയ വിവരം നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതനുസരിച്ച് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടെയാണ് സംഭവം.

വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് അക്രമാസക്തയായ പിടിയാന ജീവനക്കാര്‍ക്ക് നേരെ പാഞ്ഞടുത്തു. കാട്ടാന ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തൊട്ടടുത്തുള്ള വീട്ടില്‍ കയറിയാണ് വനംവകുപ്പ് ജീവനക്കാര്‍ രക്ഷപ്പെട്ടത്.വീടിന് മുന്നിലെത്തിയ ആന വീടിനോട് ചേര്‍ന്നുള്ള കാര്‍ ഷെഡ് തകര്‍ക്കുന്നതിനിടെയാണ് കമ്പി തുളഞ്ഞു കയറിയത്. ഷെഡിന്റെ ഇരുമ്പ് തൂണ് ആനയുടെ ദേഹത്ത് തുളഞ്ഞുകയറുകയായിരുന്നു. കമ്പി തുളഞ്ഞു കയറിയ ആന കുറച്ചുദൂരം പോയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.