തമിഴ്‌നാട്ടിൽ കോൺഗ്രസ് എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റി
May 9, 2026, 18:16 IST
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ വിജയ്‌യുടെ തമിഴക വെട്രി കഴകം സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെ, അഞ്ച് കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലെ റിസോർട്ടിലേക്ക് മാറ്റി. തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ എം.എൽ.എമാരെ മറ്റ് പാർട്ടികൾ സ്വാധീനിക്കുന്നത് തടയാനാണ് കോൺഗ്രസിന്റെ ഈ നീക്കം. മേലൂർ എം.എൽ.എ പി. വിശ്വനാഥൻ നയിക്കുന്ന അഞ്ച് കോൺഗ്രസ് എം.എൽ.എമാരെയാണ് ശനിയാഴ്ച ഹൈദരാബാദിലേക്ക് മാറ്റിയത്.ഡി.എം.കെ സഖ്യം വിട്ട് ടി.വി.കെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. സർക്കാർ രൂപീകൃതമായാൽ വിശ്വനാഥൻ മന്ത്രിസഭയിൽ അംഗമാകാൻ സാധ്യതയുണ്ട്. രണ്ട് മന്ത്രിസ്ഥാനങ്ങളാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. 234 അംഗ നിയമസഭയിൽ 108 സീറ്റുകളാണ് വിജയ്‌യുടെ പാർട്ടി നേടിയത്. ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമാണ്. ഇത് മറികടക്കാൻ കോൺഗ്രസ് (5), സി.പി.ഐ (2), സി.പി.എം (2), വി.സി.കെ (2), ഐ.യു.എം.എൽ (2) എന്നീ പാർട്ടികളുടെ പിന്തുണ ടി.വി.കെ ഉറപ്പാക്കിയിട്ടുണ്ട്.