ആണവ-പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആണവോർജ്ജം, പ്രതിരോധം, നിർണ്ണായക ധാതുക്കൾ (Critical Minerals) എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും തമ്മിൽ മെൽബണിൽ നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനങ്ങൾ ഉണ്ടായത്.
ഇന്ത്യയുടെ ആണവോർജ്ജ പദ്ധതികൾക്കും ക്ലീൻ എനർജി (Clean Energy) ലക്ഷ്യങ്ങൾക്കും ആവശ്യമായ യുറേനിയം ഓസ്ട്രേലിയ ലഭ്യമാക്കും എന്നതാണ് ആണവോർജ്ജ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ. ഈ കരാർ ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പുതിയ ഊർജ്ജം പകരുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ആഗോള ഡാറ്റാ സെന്റർ ഹബ്ബായി മാറാൻ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ഈ കരാർ നിർണായകമാണ്.
പ്രതിരോധ മേഖലയിലെ സ്റ്റാർട്ടപ്പുകളെയും വ്യവസായങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി 'ഇന്ത്യ-ഓസ്ട്രേലിയ ഡിഫൻസ് ഇന്നൊവേഷൻ കോറിഡോർ' സ്ഥാപിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. കൂടാതെ, സമുദ്ര സുരക്ഷാ സഹകരണത്തിനായി ഒരു പുതിയ റോഡ്മാപ്പിന് രൂപം നൽകുകയും കപ്പൽ നിർമ്മാണം, അറ്റകുറ്റപ്പണികൾ എന്നീ മേഖലകളിൽ സഹകരിക്കാൻ ധാരണയാകുകയും ചെയ്തു. തന്ത്രപരമായ സുരക്ഷയും ക്ലീൻ എനർജിയിലേക്കുള്ള മാറ്റവും മുൻനിർത്തി ക്രിട്ടിക്കൽ മിനറൽസ് കോറിഡോർ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. സൈബർ സുരക്ഷ, നിർണ്ണായക സാങ്കേതിക വിദ്യകൾ, വിതരണ ശൃംഖല എന്നിവയിലെ സഹകരണത്തിനായി പുതിയ പങ്കാളിത്തത്തിനും തുടക്കമിട്ടിട്ടുണ്ട്.