മോദിയുടെയും അമിത്ഷായുടെയും വീടുകളുടെ മുന്നിലേക്ക് സമരം വ്യാപിപിക്കാന്‍ ഇന്ത്യ സഖ്യം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിനും എതിരായി പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യസഖ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെയും വീടുകളുടെ മുന്നിലേക്ക് പ്രതിഷേധസമരം വ്യാപിപ്പിക്കാനാണ് ഇന്ത്യസഖ്യത്തിൻറെ നീക്കം. സേവാ തീര്‍ത്ഥ്, രാഷ്ട്രപതി ഭവന്‍, ഉപരാഷ്ട്രപതിയുടെ വീടും സമരവേദിയാക്കാന്‍ സഖ്യം ആലോചിക്കുന്നുണ്ട്.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളെ പ്രതിഷേധത്തിനിടെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ബലംപ്രയോഗിച്ച് നീക്കം ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് സമരം ശക്തമാക്കാന്‍ ഇന്ത്യ സഖ്യത്തില്‍ ധാരണയായത്. ഇത് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ സഖ്യം എംപിമാരുടെ യോഗം വെള്ളിയാഴ്ച്ച ചേരും. രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന യോഗത്തില്‍ ഗ്യാനേഷ് കുമാറിനെ താഴെയിറക്കുന്നതിനുള്ള പുതിയ സമരരീതിയുടെ പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്.
ഇന്ത്യ സഖ്യം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കാണാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ തുടര്‍നടപടികള്‍ കൂടിയാലോചിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രാഷ്ട്രപതിയെ കാണാനായി ഒക്ടോബര്‍ 2ന് അനുമതി തേടിയിരുന്നു എന്നും ആരൊക്കെയാണ് യോഗത്തിന് വരുന്നതെന്ന് അറിയിക്കാനായി രാഷ്ട്രപതി ഭവന്‍ ആവശ്യപ്പെട്ടിരുന്നു എന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. പിന്നീട് ഒക്ടോബര്‍ 5ന് പങ്കെടുക്കുന്നവരുടെ പേരുകള്‍ നല്‍കിയെങ്കിലും രാഷ്ട്രപതിഭവനില്‍ നിന്ന് പിന്നീട് ഒരു പ്രതികരണവും ഉണ്ടായില്ല.