ഗ്യാനേഷ് കുമാറിൻ്റെ നിയമപരിരക്ഷയടക്കം ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം സുപ്രീംകോടതിയെ സമീപിക്കും

 

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിനിടെ ഓണ്‍ലൈന്‍ ഫോം 6ലെ നിയമവിരുദ്ധമായ മാറ്റങ്ങള്‍ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയത് ആരാണെന്ന ചോദ്യവുമായി രാഹുല്‍ ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമപരിരക്ഷയെയടക്കം ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം ഉടന്‍ സുപ്രീംകോടതിയെ സമീപിക്കും. അതേസമയം, ഗ്യാനേഷ് കുമാറിനെ പ്രതിരോധിക്കാനുള്ള വിപുലമായ പ്രചാരണ പരിപാടികളിലേക്ക് ബിജെപി കടന്നു.

ഫോം 6ലെ കൂട്ടി ചേര്‍ക്കലുകള്‍ വിവാദമാകുകയും പിന്നീട് എസ്ഐആറിന് ശേഷം പിന്‍വലിക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് സാമൂഹിക മാധ്യമമായ എക്സിലൂടെ രാഹുല്‍ ഗാന്ധിയുടെ ചോദ്യം. നിയമ മന്ത്രാലയത്തിന്‍റെ അറിവില്ലാതെ നടത്തിയ പരിഷ്ക്കാരം തെറ്റാണെന്ന് രണ്ട് കമ്മീഷണര്‍മാര്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ആരാണ് ഫോം 6ല്‍ മാറ്റം വരുത്താന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക് നിര്‍ദ്ദേശം നല്‍കിയതെന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. നിയമ വിരുദ്ധമായ മാറ്റത്തിന് അംഗീകാരം നല്‍കിയത് ആരാണെന്നും രാഹുല്‍ ചോദിക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പോര്‍ട്ടലായ ECI NET ന്‍റെ മേല്‍നോട്ടം ടാറ്റാ കണ്‍സള്‍ട്ടന്‍സിയയൊണ് ഏല്‍പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഐടി വിഭാഗം മേധാവി സീമ ഖന്നയുടേതടക്കം ഇടപെടലുകള്‍ ദുരൂഹമായി നില്‍ക്കേയാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം. ഫോം 6ലെ അനധികൃത ഇടപെടലടക്കം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ സഖ്യം സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത്.തെരഞ്ഞെടുപ്പ് കമ്മീണര്‍മാരെ നിയമിക്കാനുള്ള നിയമത്തെ ചോദ്യം ചെയ്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ആജീവനാന്ത നിയമപരിരക്ഷ നല്‍കുന്നതും ചോദ്യം ചെയ്യും. നിലവില്‍ സുപ്രീംകോടതിയിലുള്ള പൊതുതാല്‍പര്യ ഹര്‍ജി അഞ്ചംഗ ബ‍െഞ്ചിന് വിട്ടിരിക്കുകയാണ്.