ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണം'; പൗരന്മാർക്ക് കർശന ജാഗ്രതാ നിർദേശവുമായി വിദേശകാര്യമന്ത്രാലയം
ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് കർശന ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയും വർധിച്ചുവരുന്ന ജീവിതച്ചെലവും മൂലം ആരംഭിച്ച ജനകീയ പ്രതിഷേധം രാജ്യവ്യാപകമായി ആളിപ്പടരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. തെഹ്‌റാനിലെ ഇന്ത്യൻ എംബസിയുടെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ പേജുകളും വഴി പുറത്തുവരുന്ന വാർത്തകൾ സൂക്ഷ്മമായി നിരീക്ഷിക്കണം. ഇറാനിൽ താമസവിസയിലുള്ള ഇന്ത്യക്കാർ ഇതുവരെ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഉടൻ തന്നെ പേരുവിവരങ്ങൾ നൽകണമെന്നും നിർദേശമുണ്ട്.
2022-ന് ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് ഇറാൻ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. വിവിധ മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകൾ പ്രകാരം സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,400 കടന്നിട്ടുണ്ട്. അതേസമയം, ഇറാനിലെ ആഭ്യന്തര വിഷയങ്ങളിൽ നേരിട്ടുള്ള സൈനിക ഇടപെടൽ സംബന്ധിച്ച് ട്രംപ് ഭരണകൂടം ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. ഒരു ദീർഘകാല യുദ്ധത്തിലേക്ക് രാജ്യം വലിച്ചിഴയ്ക്കപ്പെടുമെന്ന ഉപദേശകരുടെ മുന്നറിയിപ്പിനെത്തുടർന്ന് അമേരിക്ക ജാഗ്രതയോടെയാണ് നീങ്ങുന്നത്.