സ്ത്രീത്വത്തെ അപമാനിച്ചു; പ്രതിഭയ്ക്കെതിരായ പരാമർശത്തില്‍ ലീഗ് നേതാവിനെതിരെ കേസ്

 
കായംകുളം എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ യു പ്രതിഭയ്‌ക്കെതിരെയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇര്‍ഷാദിനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, അപകീര്‍ത്തിപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കായംകുളം പൊലീസാണ് കേസെടുത്തത്.ഇര്‍ഷാദിന്റെ പ്രസ്താവന പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് നിഗമനം. ഇര്‍ഷാദിനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ജില്ല കലക്ടര്‍ അലക്‌സ് വര്‍ഗീസാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. അതേസമയം, ഒരു സ്ത്രീയ്ക്ക് നേരേയും അധിക്ഷേപ പരാമര്‍ശം നടത്തുന്നത് ഭൂഷണമല്ലെന്ന സന്ദേശം പൊതുസമൂഹത്തിന് നല്‍കണമെന്നും നിയമം നിയമത്തിന്റെ വഴിക്കാണെന്നും പ്രതിഭ പ്രതികരിച്ചു.