സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം; കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം, കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്. ഹൃദ്രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരിക്കാമെന്ന് നിഗമനം. കേസ് ഫയല്‍ അവസാനിപ്പിക്കാന്‍ നീക്കം. അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും. ഉന്നതതല ചർച്ചയ്ക്കു ശേഷം അന്വേഷണം അവസാനിപ്പിക്കും. നേരത്തെ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ തിരോധനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് നഴ്‌സിൻ്റെ മൊഴിയെടുത്തിരുന്നു.
കൊൽക്കത്തയിൽ വെച്ച് സുകുമാര കുറുപ്പിനെ കണ്ടതായി പൊലീസിനെ അറിയിച്ച രത്‌നമ്മ എന്ന നഴ്‌സിൻ്റെ മൊഴി വീണ്ടും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകളുടെ സ്‌പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായാണ് കുറുപ്പിൻ്റെ അന്വേഷണം. വർഷങ്ങളായി മരവിച്ച കേസാണ് ക്രൈംബ്രാഞ്ചിൽ പുനഃപരിശോധിച്ചത്. കേരള പൊലീസിന്റെ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പിടികിട്ടാപുള്ളിയാണ് സുകുമാരക്കുറുപ്പ്.
ഐജി അജിത ബീഗത്തിൻ്റെ നേതൃത്വത്തിലായിരുന്നു കേസിൻ്റെ പരിശോധന നടത്തിയത്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ പുത്തൻ വീട്ടിൽ ശിവരാമ കുറുപ്പിന്റെ മകൻ. ഗോപാലകൃഷ്‍ണ കുറുപ്പ് എന്നാണു യഥാർത്ഥ പേര്. പ്രീഡിഗ്രി തോറ്റ ശേഷം നാട്ടിൽ പലവിധ ജോലികൾ ചെയ്തുവന്നു. സ്ഥിര ജോലികൾ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല.