ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ധരിപ്പിക്കുന്ന നടപടികള്‍ ഇന്ന്; കുങ്കിയാനകളെ ചിന്നക്കനാലിലെത്തിച്ചു

 

 

ചിന്നക്കനാലില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് കാരണമായ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ധരിപ്പിക്കുന്ന നടപടികള്‍ ഇന്ന് ആരംഭിക്കും. ചക്കക്കൊമ്പനെ നിരീക്ഷിക്കാന്‍ കുങ്കിയാനകളെ ചിന്നക്കനാലിലെത്തിച്ചു. വിക്രം, ഭരത് എന്നീ കുങ്കിയാനകളെയാണ് മിഷന്‍ ചക്കക്കൊമ്പനായി എത്തിച്ചിരിക്കുന്നത്. വീണ്ടും ജനവാസ മേഖലയിലിറങ്ങിയ ചക്കക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിക്കുമെന്ന് വനംവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ആനയെ മറ്റൊരു വനമേഖലയിലേക്ക് മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നതിനിടെയാണ് നടപടി. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷവും ജനവാസ മേഖലകള്‍ക്ക് ഭീഷണിയായി തുടരുകയാണെങ്കില്‍ ആനയെ കാടുമാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. കാട്ടാനയെ ഉടന്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് പ്രായോഗികമായ നടപടിയല്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിലൂടെ ആനയുടെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കും.ജനവാസ മേഖലകളിലേക്ക് ആന അടുക്കുന്ന സാഹചര്യം മുന്‍കൂട്ടി മനസിലാക്കി പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഇതിലൂടെ കഴിയും. കുങ്കിയാനകളുടെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചക്കക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിക്കും. സുരക്ഷിതമായി ദൗത്യം നടത്താന്‍ അനുയോജ്യമായ സ്ഥലത്ത് ആനയെ കണ്ടെത്തിയ ശേഷമായിരിക്കും മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കുക. പ്രദേശത്തെ കുത്തനെയുള്ള ഭൂപ്രകൃതിയും വനമേഖലകളും ആനയിറങ്കല്‍ അണക്കെട്ടിന്റെ സാമീപ്യവും കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയായിരിക്കും നടപടി.