വി ഡി സതീശനെ 'ചരിത്രം' ഓർമിപ്പിച്ച് ജനീഷ് കുമാർ

 

 

ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാടുകൾ സ്വീകരിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് സഭാചട്ടങ്ങളുടെയും പൊതുമര്യാദകളുടെയും കടുത്ത ലംഘനമാണെന്ന് കെ യു ജനീഷ് കുമാർ എംഎൽഎ. ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നൽകില്ലെന്ന് സതീശൻ വ്യക്തമാക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിലാണ് ജനീഷ് കുമാറിന്റെ പരാമർശം.

അന്തിമമായി തീരുമാനമെടുത്ത ഒരു കാര്യത്തിൽ സഭയോട് കള്ളം പറയുന്ന ഇത്തരം നിലപാടുകൾ ജനാധിപത്യത്തോടും നിയമസഭയോടും കാണിക്കുന്ന വലിയ അനാദരവാണെന്ന് പൊതുജനം വിലയിരുത്തുന്നു. വ്യക്തമായ ചോദ്യത്തിന് രണ്ട് തരം വ്യത്യസ്ത മറുപടികൾ സഭാതലത്തിൽ വന്ന സാഹചര്യത്തിൽ മൂലം വളളംകളിയുടെ പ്രദേശിക അവധി സംബന്ധിച്ച് സർക്കാരിന്റെ യഥാർത്ഥ മറുപടി എന്താണ് എന്ന് അറിയാൻ സഭാ സാമാജികൻ എന്ന നിലയിൽ തനിക്ക് ആഗ്രഹം ഉണ്ടെന്നും ജനീഷ് കുമാർ പറഞ്ഞു.

​നിയമസഭയോട് കളവ് പറഞ്ഞ് ഒടുവിൽ പദവി രാജിവെക്കേണ്ടിവന്ന മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ചരിത്രവും, പാർലമെന്റിന്റെ അവകാശങ്ങൾ തടസ്സപ്പെടുത്തിയതിന് എം പി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 1978 ലെ അനുഭവവും സതീശൻ ഓർക്കുന്നത് നന്നായിരിക്കുമെന്നും അദേഹം ഓർമിപ്പിച്ചു. അധികാരദുർവിനിയോഗത്തിന്റെയും ജനവഞ്ചനയുടെയും ക്ലാസിക് ഉദാഹരണങ്ങളായ ചരിത്ര സംഭവങ്ങൾ മഹാഭൂരിപക്ഷത്തിന്റെ കരുത്തിൽ ഭരിക്കുന്ന മുഖ്യമന്ത്രി ആവർത്തിച്ചു പഠിക്കേണ്ടതുണ്ട്.