പിഎസ്സി റാങ്ക് ജേതാക്കളുടെ സമരത്തിന്റെ ഭാഗമാകുന്നത് കൂടുതല്‍ പഠിച്ച ശേഷമെന്ന് രഞ്ജിനി ഹരിദാസ്

 

 

കേരളത്തിലെ പിഎസ്സി റാങ്ക് ജേതാക്കളുടെ സമരത്തിന്റെ ഭാഗമാകുന്നത് കൂടുതല്‍ പഠിച്ച ശേഷമെന്ന് അവതാരക രഞ്ജിനി ഹരിദാസ്. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് രഞ്ജിനി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഡല്‍ഹിയിലെ പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്നതുമുതല്‍, സെക്രട്ടേറിയറ്റിനു മുന്നില്‍ ഇപ്പോള്‍ നടക്കുന്ന കേരള പിഎസ്‌സി സമരത്തെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്ന് ചോദിച്ചുകൊണ്ട് തനിക്ക് നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് രഞ്ജിനി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സന്ദേശങ്ങള്‍ ലഭിക്കുന്നത് വരെ വിഷയത്തെ കുറിച്ച് ഒട്ടും അറിവുണ്ടായിരുന്നില്ലെന്ന് രഞ്ജിനി വ്യക്തമാക്കി. ഇപ്പോള്‍ പോലും, എന്താണ് സംഭവിക്കുന്നതെന്ന് പൂര്‍ണ്ണമായി മനസിലാക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് തോന്നുന്നില്ലെന്നും രഞ്ജിനി പറയുന്നു. വിഷയത്തെ കുറിച്ച് പഠിക്കാനും വസ്തുതകള്‍ മനസിലാക്കാനും ശ്രമിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.സമരത്തിന് നേതൃത്വം നല്‍കുന്നവരോ പ്രതിനിധികളോ അവരെ പരിചയമുള്ളവരോ ഞങ്ങളെ ബന്ധപ്പെടുക. അവരുമായി നേരിട്ട് സംസാരിക്കാനും ആശങ്കകള്‍ മനസിലാക്കാനും, നിലവിലെ സാഹചര്യം എന്താണെന്ന് കൂടുതല്‍ അറിയാനും ഞാന്‍ ആഗ്രഹിക്കുന്നു. പഠിച്ച ശേഷം, വിഷയം കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ എന്റെ ശബ്ദം സഹായിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ പങ്കെടുക്കാന്‍ സന്തോഷമേയുള്ളൂവെന്നും സഹായിക്കാന്‍ തയ്യാറാണെന്നും രഞ്ജിനി കുറിച്ചു.