കളമശേരിയിൽ ജുഡീഷ്യൽ സിറ്റി പദ്ധതിക്ക് തടസം
ജുഡീഷ്യൽ സിറ്റിക്കായി കളമശ്ശേരിയിൽ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പൊതുമേഖലാ സ്ഥാപനമായ എച്ച്എംടി രംഗത്ത്. 27 ഏക്കർ ഭൂമി കുറഞ്ഞ തുകയ്ക്ക് ഏറ്റെടുക്കാനുള്ള സർക്കാരിൻ്റെ നിർബന്ധിത നീക്കം അനീതിയെന്നും ഇത് ബാധ്യത സൃഷ്ടിക്കുമെന്നും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ എച്ച്എംടി പറയുന്നു. സർക്കാരിന് ഭൂമി നിർബന്ധമായി ഏറ്റെടുക്കാനാവില്ലെന്നും വിപണിവില നൽകി വേണം സ്ഥലം ഏറ്റെടുക്കാനെന്നും ഇവർ പറയുന്നു. നടപടിക്രമങ്ങൾ പാലിക്കാതെ ഭൂമി ഏറ്റെടുക്കുന്നതിൽ നിന്ന് സർക്കാരിനെ വിലക്കണമെന്നും കോടതിയിൽ എച്ച്എംടി ആവശ്യപ്പെട്ടിട്ടുണ്ട്. 2025 സെപ്റ്റംബർ 24 നാണ് എച്ച്എംടിയുടെ അധീനതയിലുള്ള 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാിച്ചത്.
ജുഡീഷ്യൽ സിറ്റിക്കായി ഈ ഭൂമിയിൽ 12 ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമടക്കം നിർമിക്കാനായിരുന്നു തീരുമാനം. ലോകനിലവാരത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള ജുഡീഷ്യൽ സിറ്റി നിർമിക്കുകയാണ് ലക്ഷ്യം. തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും ജീവനുമുള്ള മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 14, 19, 21 അനുച്ഛേദങ്ങൾ അടിസ്ഥാനമാക്കി മൂന്ന് ടവറുകളിലായാണ് ജുഡീഷ്യൽ സിറ്റി രൂപകൽപ്പന ചെയ്‌തത്. പ്രധാന ടവറിൽ 7 നിലകളും മറ്റ് രണ്ട് ടവറുകളിലായി 6 നിലകൾ വീതവുമാണ് നിർമിക്കാൻ ലക്ഷ്യമിടുന്നത്.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റേതടക്കം 61 കോടതി മുറികൾ, വിവിധ കമ്മിറ്റികൾക്കുള്ള മുറികൾ, ഭരണ വിഭാഗത്തിനുള്ള സൗകര്യങ്ങൾ, രജിസ്ട്രാർ ഓഫീസ്, ഓഡിറ്റോറിയം, ലൈബ്രറി ബ്ലോക്ക്, ഐടി വിഭാഗം, ഇൻഫർമേഷൻ സെൻ്റർ, ആർബിട്രേഷൻ സെൻ്റർ, റിക്രൂട്ട്മെന്റ് സെൽ തുടങ്ങി അതിവിപുലമായ സൗകര്യങ്ങളും ഇവിടെ വിഭാവനം ചെയ്യുന്നുണ്ട്. ഇതിനുപുറമെ അഡ്വക്കേറ്റ് ജനറൽ ഓഫീസ്, അഭിഭാഷകരുടെ ചേംബറുകൾ, പാർക്കിംഗ് സൗകര്യം, മഴ വെള്ള സംഭരണി എന്നിവയും രൂപകല്പന ചെയ്തിട്ടുണ്ട്. ജനങ്ങള്‍ക്കുള്ള പ്രാപ്യത, യാത്രാ സൗകര്യം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുത്താണ് ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയിൽ സ്ഥാപിക്കുന്നത്. ഭൂമി ഏറ്റെടുക്കലടക്കം ഉൾപ്പെടുത്തി 1000 കോടി രൂപയിലധികമാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.