ഹൈക്കോടതിയിൽ കെ സുരേന്ദ്രന് ആശ്വാസം, ശബരിമല യുവതി പ്രവേശനത്തിനെതിരായ ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ സ്റ്റേ
Feb 23, 2026, 17:46 IST
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിലെ അക്രമ സംഭവങ്ങളിൽ മുൻ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഹൈക്കോടതിയിൽ ആശ്വാസം. ഹർത്താൽ ദിനത്തിലുണ്ടായ അക്രമങ്ങളിൽ സുരേന്ദ്രനെ പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. ഹർത്താൽ ആഹ്വാനം ചെയ്തതുകൊണ്ടുമാത്രം അക്രമ സംഭവങ്ങളിൽ നേരിട്ട് പങ്കുണ്ടെന്ന് കരുതാനാവില്ലെന്നും കേസിൽ സുരേന്ദ്രനെതിരെ വ്യക്തമായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. 2019 ജനുവരി 3 ന് ആലപ്പുഴ മാന്നാറിൽ നടന്ന അക്രമസംഭവങ്ങളിലാണ് സുരേന്ദ്രനെ ഒമ്പതാം പ്രതിയായി ഉൾപ്പെടുത്തിയിരിക്കുന്നത്. അന്ന് യാത്രക്കാരെ തടഞ്ഞുനിർത്തി മർദ്ദിച്ചുവെന്നും വാഹനം തകർത്തുവെന്നുമാണ് കേസ്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സുരേന്ദ്രൻ്റെ ഹർജിയിൽ ജസ്റ്റിസ് സി എസ് ഡയസാണ് തുടർ നടപടികൾ സ്റ്റേ ചെയ്തത്. കൃത്യമായ അന്വേഷണം നടത്താതെ, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം രാഷ്ട്രീയ പ്രേരിതമായി തന്നെ പ്രതിയാക്കിയെനാണ് സുരേന്ദ്രൻ്റെ ആരോപണം.