കാഫിർ സ്‌ക്രീൻഷോട്ട്; അന്വേഷണം ഊർജിതമാക്കാൻ ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി പാറക്കൽ അബ്ദുള്ള
വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏറെ വിവാദമായ 'കാഫിർ സ്‌ക്രീൻഷോട്ട്' പ്രചാരണ കേസിലെ അന്വേഷണം അടിയന്തരമായി ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള. ചെന്നിത്തലയുടെ ഓഫീസിൽ നേരിട്ട് എത്തിയാണ് കത്ത് നൽകിയത്.
'ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ ഫോറൻസിക് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടിട്ട് ഇപ്പോൾ 20 മാസത്തിലധികം കഴിഞ്ഞിരിക്കുകയാണ്. എന്നാൽ നിർണായകമായ ഈ ശാസ്ത്രീയ തെളിവുകൾ പുറത്തുവിടാതെയും, യഥാർഥ പ്രതികളെ പിടികൂടാതെയും അന്വേഷണം അവസാനിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽനിന്ന് ശ്രമം നടക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയെ കണ്ട് നേരിട്ട് കത്ത് നൽകിയത്' പാറക്കൽ അബ്ദുള്ള പറഞ്ഞു.
നിരപരാധിയായ ഒരു യുവാവിനെ വേട്ടയാടാനും സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും തുനിഞ്ഞിറങ്ങിയ ആ സൈബർ കുറ്റവാളികളെ വെറുതെ വിടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു കാഫിർ സ്‌ക്രീൻഷോട്ടുകൾ പ്രചരിപ്പിച്ചത്. സ്‌ക്രീൻ ഷോട്ടുകൾ ആദ്യം പോസ്റ്റുചെയ്തുവെന്ന് കണ്ടെത്തിയ റിബേഷ് രാമകൃഷ്ണന്റെ ഫോൺ പരിശോധനാ ഫലം കിട്ടിയില്ലന്ന് ചൂണ്ടിക്കാട്ടി പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. യഥാർഥ പ്രതികളെ കണ്ടെത്താനായില്ല എന്നാണ് പോലീസ് പറയുന്നത്.