ഉമീദ് പോര്‍ട്ടലില്‍ 79,905 വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്ത് കേരളം

 

 

കേന്ദ്ര സര്‍ക്കാരിന്റെ 'ഉമീദ്' പോര്‍ട്ടലില്‍ 79,905 വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്ത് രാജ്യത്ത് വഖഫ് ആസ്തികളുടെ ഡിജിറ്റലൈസേഷനില്‍ കേരളം മുന്‍നിരയിലെത്തി. രാജ്യത്താകെ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത 7.99 ലക്ഷം വഖഫ് സ്വത്തുക്കളുടെ 10 ശതമാനത്തോളം കേരളത്തില്‍ നിന്നുള്ളതാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളമാണ് ഒന്നാമത്. ഡോ ഭീം സിങ്ങിന്റെ എംപിയുടെ ചോദ്യത്തിന് രാജ്യസഭയില്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരണ്‍ റിജിജു രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ജൂലൈ 21 വരെയുള്ള കണക്കുകള്‍ പ്രകാരം പോര്‍ട്ടലില്‍ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തതില്‍ മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് കേരളം. ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡും (1.53 ലക്ഷം), പശ്ചിമ ബംഗാളുമാണ് (1.32 ലക്ഷം) ആദ്യ രണ്ട് സ്ഥാനങ്ങളില്‍. തെലങ്കാന (63,984), കര്‍ണാടക (58,845), ഗുജറാത്ത് (30,783), രാജസ്ഥാന്‍ (32,335), മധ്യപ്രദേശ് (32,374) തുടങ്ങിയ വലിയ സംസ്ഥാനങ്ങളെ മറികടന്നാണ് കേരളം മൂന്നാമതെത്തിയത്.

കേരളം പോര്‍ട്ടലില്‍ സമര്‍പ്പിച്ച 79,905 സ്വത്തുക്കളില്‍ 63,086 എണ്ണം അംഗീകരിച്ചു. 7,979 സ്വത്തുക്കള്‍ പരിശോധന നടത്തിവരികയാണ്. 3,902 സ്വത്തുക്കള്‍ ഡേറ്റ എന്‍ട്രി ഘട്ടത്തിലാണ്. 4,921 എന്‍ട്രികള്‍ നിരസിക്കുകയോ തെറ്റുതിരുത്തലിനായി തിരിച്ചയക്കുകയോ ചെയ്തിട്ടുണ്ട്.