പൂച്ചപെറ്റുകിടന്ന ഖജനാവിൽ ഗാരന്റികൾ നടപ്പാക്കാൻ പണമുണ്ട്-കെ.എൻ.ബാലഗോപാൽ
യു.ഡി.എഫിന്റെ അഞ്ച് ഗാരന്റികളും നടപ്പാക്കാനുള്ള സാമ്പത്തികശേഷി കേരളത്തിന്റെ ഖജനാവിനുണ്ടെന്നു ബോധ്യപ്പെട്ടതിനാലാണ് സ്ത്രീകളുടെ സൗജന്യയാത്രയും ആശ വർക്കർമാരുടെ ശമ്പളവർധനയും മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ എം.എൽ.എ.. കൊട്ടാരക്കരയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂച്ചപെറ്റുകിടന്നെന്ന് ആക്ഷേപിച്ച ഖജനാവിൽ പണമുള്ളതുകൊണ്ടാണ് ഗാരന്റികൾ നടപ്പാക്കാൻ കഴിയുന്നത്. ആറായിരം കോടി രൂപ ബാക്കിെവച്ചിട്ടാണ് ഇറങ്ങിയത്. പതിനാറാം ധനകാര്യ കമ്മിഷനിൽ ഈ വർഷം സംസ്ഥാനത്തിന് പതിനായിരം കോടി രൂപ അധികം ലഭിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മോശമാണെന്ന എ.കെ. ആന്റണിയുടെ പ്രസ്താവന വസ്തുതകൾ മനസ്സിലാക്കാതെയാണ്.
ധനസ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാലാണ് ആന്റണിയുടെ ഉപദേശം മറികടന്നും ആദ്യ മന്ത്രിസഭായോഗത്തിൽത്തന്നെ ഗാരന്റികൾ നടപ്പാക്കാൻ മുഖ്യമന്ത്രി തയ്യാറായത്. സത്യസന്ധമായ കണക്കുകളോടെ ധവളപത്രം പുറത്തിറക്കുന്നത് നല്ലതാണ്. കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് കൃത്യമായി അറിയാൻ സാധിക്കും.
കേരളത്തിന്റെ ഖജനാവ് പാപ്പരല്ലെന്നു തെളിയിക്കുന്നതാണ് പുതിയ സർക്കാരിന്റെ പെൻഷൻ പ്രഖ്യാപനം. കെ-റെയിൽ പദ്ധതി റദ്ദാക്കിയാലും ഇല്ലെങ്കിലും വേഗത്തിൽ യാത്രചെയ്യാനുള്ള സംവിധാനമുണ്ടാകണം. രാഷ്ട്രീയമായ കാരണത്താൽ മഞ്ഞക്കുറ്റികൾ നീക്കാതെ ബദൽ മാർഗങ്ങൾ തേടണം. കേന്ദ്രസർക്കാർ സാമ്പത്തികമായി സംസ്ഥാനത്തെ അവഗണിച്ചപ്പോൾ പ്രതിഷേധിക്കാൻ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പിന്തുണ ലഭിച്ചില്ല. ഈ സമീപനമാകില്ല എൽ.ഡി.എഫിന്റേത്. ആത്മാർഥവും ക്രിയാത്മകവുമായ പിന്തുണയുണ്ടാകും.
വിമർശിക്കാൻ പാടില്ലെന്ന അസഹിഷ്ണുത പാടില്ല. മുൻപും ഇടതുമുന്നണി നാൽപ്പതിലേക്ക് ഒതുങ്ങിയ കാലമുണ്ടായിട്ടുണ്ട്. സ്വയംവിമർശനത്തോടെ പ്രവർത്തനത്തിൽ വലിയ മാറ്റം വരുത്തി മുന്നോട്ടുപോകും. ഇടതുപക്ഷം വേണ്ടെന്ന വർഗീയരാഷ്ട്രീയം ശക്തിപ്പെടുന്നത് അപകടമാണ്. കഴിഞ്ഞ പത്തുവർഷവും ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യാത്തവരാണ് കേരളത്തിലുണ്ടായിരുന്നതെന്ന പ്രചാരണം ശരിയല്ല. കൊട്ടാരക്കരയുടെ തുടർവികസനത്തിൽ മുന്നണിയും രാഷ്ട്രീയവും തടസ്സമാകില്ലെന്നു വിശ്വസിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.