മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം കൊങ്കൺ റെയിൽവേക്കെന്ന് മന്ത്രി പി കെ ബഷീർ
വയനാട്ടിലുണ്ടായ മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം തുരങ്ക നിർമാണ കമ്പനിയായ കൊങ്കൺ റെയിൽവേക്കെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. നിർമാണം നടക്കുന്നയിടത്ത് മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടത് നീക്കം ചെയ്യണമെന്ന് കർശന നിർദേശം നൽകിയിരുന്നതായും മന്ത്രി ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.തുരങ്ക പാതയുടെ നിർമാണം നടക്കുന്നയിടത്ത് മണ്ണ് കൂട്ടിയിട്ടിരുന്നു. ഇത് മാറ്റണം എന്ന് രണ്ട് തവണ നിർദേശം നൽകി. വകുപ്പ് സെക്രട്ടറി അടക്കം സ്ഥലം സന്ദർശിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. പി ഡബ്ല്യു ഡിയെ നോക്കുകുത്തിയാക്കിയാണ് കരാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ ഉത്തരവാദിത്തവും കൊങ്കൺ റെയിൽവേക്ക് ആണെന്നും മന്ത്രി പറഞ്ഞു. നേരത്തെ ജോലി നിർത്തി ആളുകളെ മാറ്റിയത് കൊണ്ട് എഞ്ചിനീയർമാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇതിൽ പി ഡബ്ല്യു ഡിയെ കൂടുതൽ കുറ്റം പറയരുത്, പി ഡബ്ല്യു ഡി ഇതിൻ്റെ ഭാഗമല്ല. എല്ലാ അനുമതിയും നൽകിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണെന്നും വയനാടിൻ്റെ അവസ്ഥ ശരിക്കും അറിയുന്ന മന്ത്രി ആണ് താനെന്നും പി കെ ബഷീർ പറഞ്ഞു.