കെഎസ്യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ കെപിസിസി വക്താവ് ജിന്റോ ജോൺ

 

 

ആർഎസ്എസ് പ്രവർത്തകനായ ഡിഎസ് ശരത്തിനെ സീനിയർ ഗവ. പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കെഎസ്യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ കെപിസിസി വക്താവ് ജിന്റോ ജോൺ. വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രമാണ്, പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണ് എന്നാണ് മുഖ്യമന്ത്രിക്കെതിരായ വിമർശനം. പറഞ്ഞതെല്ലാം മറക്കാനുള്ളത് മാത്രമാണെന്ന് സാരം. രാഷ്ട്രീയ അൽഷിമേഴ്‌സ് ബാധിക്കുന്നവർക്ക് പട്ടേലരുടെ സെന്റിന്റെ മണം വിളമ്പുന്ന തൊമ്മിമാർ കൂടിയുണ്ടെങ്കിൽ ന്യായീകരിച്ച് കാലം പോക്കാം. അനീതി പർവ്വങ്ങളുടെ ഇരുണ്ടകാലം താണ്ടി ആഗ്രഹങ്ങളുടെ കടലായി ആർത്തലച്ച് കാത്തിരിക്കുന്ന മനുഷ്യർക്ക് നീതി വേണമെന്നും, അത് കഴിവതും നേരത്തെ വേണമെന്നും തോന്നാം. പക്ഷേ തീരുമാനങ്ങൾ എടുക്കപ്പെടുന്ന ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനം ഉണ്ടാകില്ല എന്നതാണ് രാജശാസനം. തിരുമനസ്സ് കൽപ്പിച്ചു നൽകുന്നത് മാത്രമാണ് നീതിയെന്ന് പോരാളികൾ സ്വയം വിശ്വസിക്കുകയും വേണം. രാജാവിനേക്കാൾ വലിയ രാജഭക്തരും കൊട്ടാരം വിദൂഷകരും പ്രീതി പറ്റുന്നതിനായി വാഴ്ത്തുകൾ പാടിക്കൊണ്ടേയിരിക്കും. രാജാക്കന്മാർ മാറി വന്നാലും രാജാധികാര രീതികൾ തുടർച്ചയാണെന്നാണ് മുഖ്യമന്ത്രിക്കെതിരായ രൂക്ഷ വിമർശനം. ഫേസ്ബുക്ക് കുറിപ്പിലാണ് ജിന്റോ ജോൺ വിമർശനം ഉന്നയിച്ചിട്ടുള്ളത്. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ അടിയന്തര നടപടി വേണമെന്നും ജിന്റോ ജോൺ നേരത്തെ ആവശ്യപ്പെട്ടിരുന്നു