കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം
മൈസൂരു-ബെംഗളൂരു ദേശീയപാതയിലെ ബിഡദിയിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറാണെന്ന സംശയം ശക്തമാകുന്നു. അപകടമുണ്ടായ അതേ മേഖലയിൽ വെച്ച് മറ്റൊരു കെഎസ്ആർടിസി ബസിന്റെ മുൻഗ്ലാസിലേക്ക് വീണ്ടും മുട്ടയേറുണ്ടായ പശ്ചാത്തലത്തിൽ, സംഭവത്തിൽ സമഗ്രമായ ഫൊറൻസിക് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി സിപി ജോൺ കർണാടക സർക്കാരിന് കത്തുനൽകി. കെഎസ്ആർടിസിയും കർണാടക പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഓഗസ്റ്റ് 8-നാണ് കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ഡീലക്സ് ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഡ്രൈവറും കണ്ടക്ടറും മരണപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ ഇപ്പോഴും കർണാടകയിലെ ആശുപത്രികളിൽ ചികിത്സയിലാണ്. ഈ അപകടം നടന്ന ആവരഗെരെ റെയിൽവേ മേൽപ്പാലത്തിന് വെറും രണ്ട് കിലോമീറ്റർ മാത്രം അകലെവെച്ചാണ് ബുധനാഴ്ച രാത്രി 9.10-ഓടെ കാസർകോട്ടേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്‌സ് ബസിന് നേരെ രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം മുട്ടയെറിഞ്ഞത്.