എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുവഴി നിയമിതരായ 52 ജീവനക്കാരെ പുറത്താക്കി കെഎസ്‌ആർടിസി

 

 

ജില്ലയിൽ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുവഴി നിയമിതരായ 52 ജീവനക്കാരെ കെഎസ്‌ആർടിസി പുറത്താക്കി. ​ഒരാഴ്‌ച ജോലിചെയ്‌ത ജീവനക്കാരെയാണ്‌ ഒരു കാരണവും ബോധിപ്പിക്കാതെ ഒറ്റ ഫോൺകോളിൽ പുറത്താക്കിയത്‌. കൂലിയും നൽകിയിട്ടില്ല. ചീഫ് ഓഫീസിൽനിന്ന് വന്ന ‘ഫോൺ ഉത്തരവ്‌’ പ്രകാരമാണ്‌ നടപടിയെന്നാണ്‌ ഡിപ്പോ അധികൃതരുടെ വാദം. പുതിയ ജീവനക്കാരുടെ ടി– നമ്പർ ലഭിക്കാതിരുന്നതിനാൽ ഇനി ജോലിക്കുവരേണ്ടെന്നായിരുന്നു അറിയിപ്പ്‌. കോഷൻ ഡിപ്പോസിറ്റായി അടച്ച 10,000 രൂപ തിരിച്ചുകിട്ടുമോ എന്നും ഉറപ്പില്ല.

ഡ്രൈവർ, കണ്ടക്‌ടർ ഉൾപ്പെടെ ജീവനക്കാരുടെ കുറവുമൂലം സർവീസ് മുടങ്ങുന്നത്‌ പതിവായതിനാലാണ്‌ എൽഡിഎഫ്‌ സർക്കാർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴി ജോലിക്ക്‌ ആളെവച്ചത്‌. ഏഴ്‌ ഡിപ്പോകളിലേക്കായി അഞ്ഞൂറിലധികംപേരിൽനിന്ന് ഡ്രൈവിങ് ടെസ്‌റ്റുൾപ്പെടെ നടത്തി ജൂണിലാണ്‌ നിയമിച്ചത്.

വിവിധ ഡിപ്പോകളിലായി അമ്പതോളം ജീവനക്കാരുടെ കുറവുണ്ട്‌. പ്രിയദർശിനി പദ്ധതി വന്നതോടെ സർവീസ്‌ താറുമാറായി പല പ്രധാന റൂട്ടുകളിലും യാത്രക്കാർ പെരുവഴിയിലാകുന്ന അവസ്ഥയിലാണ്. അകാരണമായി പുറത്താക്കിയവരിൽ പലരും മറ്റ്‌ പല ജോലികളും ഉപേക്ഷിച്ച് വന്നവരുമാണ്‌. നിലവിൽ എവിടെയും ജോലിയില്ലാത്ത അവസ്ഥയിലാണിവർ.