ഗ്യാനേഷ് കുമാറിനെതിരായ കെഎസ്‍ടിപി അഴിമതി കേസ്: കരുതലോടെ നീങ്ങാൻ വിജിലൻസ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ കെഎസ്‍ടിപി അഴിമതി കേസ് പുനരന്വേഷണത്തിൽ കരുതലോടെ നീങ്ങാൻ വിജിലൻസ്. ക്ലീൻ ചിറ്റ് നൽകിയ പഴയ റിപ്പോർട്ട് വിശദമായി പരിശോധിക്കാൻ വിജിലൻസ് ഡയറക്ടർ നിർദേശം നൽകി. പുനരന്വേഷണ സാധ്യതയുണ്ടോ എന്ന് രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകണം. സ്പെഷ്യൽ ഇൻവസ്‌റ്റിഗേഷൻ യൂണിറ്റ് ഒന്ന് എസ്പിക്കാണ് നിർദ്ദേശം.
രാജ്യം ശ്രദ്ധിക്കുന്ന അന്വേഷണത്തിലേക്ക് നീങ്ങാനാണ് ആഭ്യന്തര വകുപ്പിൻെറ തീരുമാനം. കെപിസിസി നിർവ്വാഹക സമിതി അംഗത്തിൻെറ പരാതിയിൽ തുടർ നടപടിയെടുക്കാൻ രമേശ് ചെന്നിത്തല നിർദ്ദേശിച്ച ഫയൽ വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിരിക്കുകയാണ്. 2007ൽ തീർപ്പാക്കിയ ഫയൽ വീണ്ടും തുറക്കുമ്പോൾ വിജിലൻസിന് മുന്നിൽ കടമ്പകളേറെയാണ്. പതിബെൽ കമ്പനിയുടെ പ്രോജക്ട് ഡയറക്ടർ ലീ സീ ബിൻ ജീവനൊടുക്കുന്നതിലേക്ക് നയിച്ച അഴിമതിയിലാണ് അന്വേഷണം. മരണത്തെ കുറിച്ച് വിജിലൻസിന് അന്വേഷിക്കാൻ പരിമിതിയുണ്ട് . അഴിമതിയിൽ മാത്രമാണ് അന്വേഷണം. ഗ്യാനേഷിനെതിരെ തെളിവുകള്‍ ലഭിച്ചില്ലെന്ന് എഴുതി അടച്ച ഫയലാണ് തുറക്കുന്നത്.അന്നത്തെ മൊഴികള്‍ വിജിലൻസ് പരിശോധിക്കും.