ഇനി താനും ഭാര്യയും സിപിഎമ്മിന്റെ ഭാഗമെന്ന് കെടി ജലീല്‍

 
ഇനി താനും ഭാര്യയും സിപിഎമ്മിന്റെ ഭാഗമെന്ന് കെടി ജലീല്‍. ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചതായി ജലീല്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെ തുടര്‍ന്ന് വിമര്‍ശന ശരങ്ങള്‍ ഒരുപാട് ഏറ്റുവാങ്ങേണ്ടി വന്ന സിപിഎം, വലതുപക്ഷ പിന്തിരിപ്പന്‍മാരാലും വര്‍ഗ്ഗീയ ശക്തികളാലും നഖശിഖാന്തം എതിര്‍ക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇടതുപക്ഷ ചേരി ദുര്‍ബലമായാല്‍ ആത്യന്തികമായി നഷ്ടം സംഭവിക്കുക ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമാണെന്ന സത്യം പകല്‍വെളിച്ചം പോലെ വ്യക്തമാണ്. പശ്ചിമബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദുര്‍ബലമായപ്പോള്‍ ഉണ്ടായ ടി.എം.സിയുടെ ആയുസ്സ് വെറും 15 വര്‍ഷമാണ്. ഇപ്പോള്‍ അവിടം ഭരിക്കുന്നത് ബി.ജെ.പിയാണ്. സമാന സാഹചര്യം കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഊര്‍ജസ്വലതയോടെ നിലനില്‍ക്കണമെന്ന് ജലീല്‍ പറയുന്നു.'മതങ്ങളുടെയും മതചിഹ്നങ്ങളുടെയും പവിത്രത ജീവിതത്തില്‍ പകര്‍ത്താതെ അവയെ ചൂഷണോപാധിയാക്കി സാധാരണ ജനങ്ങളെ പറ്റിച്ച് ധനസമ്പാദനം നടത്തുകയും അധികാരം കയ്യാളുകയും ആഢംഭരത്തില്‍ ആറാടുകയും ചെയ്യുന്ന വിദ്വേഷ പ്രചാരകരോടുള്ള വിയോജിപ്പു കൂടിയാണ് എന്റെയും സഹധര്‍മ്മിണിയുടെയും പാര്‍ട്ടി പ്രവേശം. പ്രസ്ഥാനത്തിന്റെ സമൃദ്ധ കാലത്ത് ഏതു പാര്‍ട്ടിയില്‍ ചേരാനും ഒരുപാടുപേര്‍ കാണും. എന്നാല്‍ പാര്‍ട്ടി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്ന നിസ്വാര്‍ത്ഥരായ ലക്ഷക്കണക്കിന് സഖാക്കള്‍ക്കൊപ്പം അവരില്‍ ഒരാളായി നില്‍ക്കാതെ മാറി നിന്നാല്‍ സമൂഹത്തോട് ചെയ്യുന്ന കൊടിയ അപരാധമാകും അത്' - ജലീല്‍ കുറിപ്പില്‍ പറയുന്നു.