യുപിയിലെ നോയിഡയിൽ തെരുവിലിറങ്ങി തൊഴിലാളികൾ, വാഹനങ്ങൾക്ക് തീയിട്ടു
ഉത്തർപ്രദേശിലെ നോയിഡയിൽ തെരുവിലിറങ്ങി തൊഴിലാളികൾ. ശമ്പള വർധനവും എട്ട് മണിക്കൂർ ജോലി സമയം നടപ്പാക്കലും ആവശ്യപ്പെട്ടാണ് നൂറുകണക്കിന് തൊഴിലാളികൾ തെരുവിൽ ഇറങ്ങിയത്. പ്രതിഷേധക്കാർ കാറുകൾ കത്തിക്കുകയും പ്രധാന റോഡുകളിലെ ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. ഫാക്ടറി തൊഴിലാളികൾ സായുധ പോലീസുമായി ഏറ്റുമുട്ടി. മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് വ്യവസായ തൊഴിലാളികൾ തിങ്കളാഴ്ച രാവിലെ തെരുവിലിറങ്ങിയതോടെയാണ് പ്രക്ഷോഭമുണ്ടായത്. നിരവധി വ്യാവസായിക യൂണിറ്റുകൾ സ്ഥിതി ചെയ്യുന്ന ഫേസ് 2-ൽ ചില തൊഴിലാളികൾ പൊലീസ് വാൻ ഉൾപ്പെടെയുള്ള കാറുകൾ തകർക്കുകയും കെട്ടിടങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തതോടെ പ്രതിഷേധം അക്രമാസക്തമായി.
നിലവിലുള്ള ശമ്പളം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ഹരിയാന സർക്കാർ മിനിമം വേതനം നടപ്പാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് നോയിഡയിലെ തൊഴിലാളികൾ വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. തൊഴിലാളികളിൽ ഭൂരിഭാഗവും പ്രതിമാസം 15,000 രൂപയിൽ താഴെ വരുമാനം മാത്രമാണ് ലഭിക്കുന്നതെന്നും ഈ തുക കൊണ്ട് എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്നും ചോദിച്ചു. ദിവസവും 12 മണിക്കൂർ ജോലി ചെയ്യേണ്ടിവരുന്നുണ്ടെന്നും എട്ട് മണിക്കൂർ ഷിഫ്റ്റ് നിർബന്ധമായും നടപ്പാക്കണമെന്നും തൊളിലാളികൾ പറഞ്ഞു.