പിഎം ശ്രീയിലെ തുടർനടപടികൾ നിർത്തിവെക്കാൻ എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്

 

പിഎം ശ്രീ പദ്ധതിയുടെ പേരിൽ എൽഡിഎഫ് സർക്കാരിനെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ ഉന്നയിച്ച ആരോപണങ്ങൾ വ്യാജം. പിഎം ശ്രീയുമായി സഹകരിക്കില്ലെന്നും തുടർ നടപടികൾ നിർത്തിവെക്കുമെന്നും അറിയിച്ച് കേരളം കേന്ദ്രത്തിന് കത്ത് നൽകിയിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ കഴിഞ്ഞ വര്‍ഷം നവംബര്‍ 12ന് തന്നെ ഇക്കാര്യം കാണിച്ച് മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി കേന്ദ്രത്തിന് കത്ത് കൈമാറിയിരുന്നു. പദ്ധതി കേരളത്തിൽ നടപ്പാക്കാനാകില്ലെന്നറിയിച്ച് എൽഡിഎഫ് സർക്കാർ കത്തുകൾ അയച്ചിരുന്നതായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം നവംബർ 12ന് പദ്ധതി നടപ്പിലാക്കാനാകില്ലെന്ന് വ്യക്തമാക്കി കെ വാസുകി കേന്ദ്രത്തിനയച്ച കത്തിന്റെ കോപ്പി പുറത്തുവന്നു. ഇതോടെ മുഖയമന്ത്രിയുടെ കള്ളം പൊളിഞ്ഞു.

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലുള്ള ആശങ്കകളും, മന്ത്രിസഭാ ഉപസമിതിയുടെ അന്തിമ റിപ്പോർട്ട് വരുന്നത് വരെ ധാരണാപത്രവുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നതിനാൽ നടപടികൾ താത്കാലികമായി നിർത്തിവെക്കുന്നുവെന്നതുമായിരുന്നു ഈ കത്തുകളുടെ ഉള്ളടക്കം.

കഴിഞ്ഞ സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനാൽ കേരളം നിലവിൽ പദ്ധതിയുടെ പങ്കാളിയാണെന്നും 99 കോടിയിലധികം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നുമായിരുന്നു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമർശം. കേന്ദ്രം 106 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കരിക്കുലം ഫ്രീഡത്തിൽ കേന്ദ്രം ഇടപെടരുത്, സ്കൂളുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിന് നൽകണം എന്നിവയാണ് തങ്ങളുടെ നിലപാടുകളെന്നും അദ്ദേഹം വിശദീകരിച്ചു. കൂടാതെ, വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ കൺവീനറും മന്ത്രിമാരായ റോജി എം ജോൺ, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവർ അംഗങ്ങളുമായ പുതിയ മന്ത്രിസഭാ ഉപസമിതിയെ പദ്ധതിയുടെ തുടർനടപടികൾ പഠിക്കാൻ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.