സനാതന ധർമ്മത്തെക്കുറിച്ചുള്ള തന്റെ വിവാദ പരാമർശങ്ങളിൽ മാറ്റമില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ

 

സനാതന ധർമ്മത്തെക്കുറിച്ചുള്ള തന്റെ വിവാദ പരാമർശങ്ങളിൽ മാറ്റമില്ലെന്ന് തമിഴ്‌നാട് നിയമസഭയിൽ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. ജനങ്ങളെ ഭിന്നിപ്പിക്കുന്ന സനാതന ധർമ്മം തീർച്ചയായും ഇല്ലാതാക്കപ്പെടണമെന്നാണ് തൻറെ എപ്പോഴത്തേയും നിലപാടെന്ന് പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള കന്നി പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി . 2023-ൽ സനാതന ധർമ്മത്തെക്കുറിച്ച് ഉദയനിധി നടത്തിയ പരാമർശങ്ങൾ ദേശീയതലത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ള ഭരണപക്ഷ നിരയെ സാക്ഷിയാക്കിയായിരുന്നു ഉദയനിധിയുടെ കടന്നാക്രമണം. പുതിയ സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്ത്' (തമിഴ് ഗീതം) അവഗണിച്ചുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ചടങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് തമിഴ് ഗീതത്തെ മാറ്റിയത് തെറ്റായ നടപടിയാണെന്നും ഇത്തരത്തിലുള്ള കീഴ്‌വഴക്കങ്ങൾ തമിഴ് ജനതയുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. "ഇനി ഇത്തരം തെറ്റുകൾ ആവർത്തിക്കാൻ അനുവദിക്കില്ല," ഉദയനിധി മുന്നറിയിപ്പ് നൽകി.