നേപ്പാള്‍ മിന്നല്‍ പ്രളയം; മരണസംഖ്യ ഉയരുന്നു; 472 പേരുടെ മൃതദേഹം കണ്ടെത്തിയതായി സര്‍ക്കാര്‍

 

 

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. 472 പേരുടെ മൃതദേഹം കണ്ടെത്തിയതായി നേപ്പാള്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ആയിരത്തി അഞ്ഞൂറിലധികം പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികള്‍ ഉള്‍പ്പെടെ 290 ഇന്ത്യാക്കാരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇവരെ ബന്ധപ്പെടാനുള്ള ശ്രമം നടക്കുകയാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, ബിഹാറിലെ ഗണ്ടക് നദിയില്‍ ജലനിരപ്പുയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഉത്തരാഖണ്ഡില്‍ 13 ഹിമതടാകങ്ങള്‍ ദുരന്തസാധ്യതാ പട്ടികയിലാണെന്ന് റിപ്പോര്‍ട്ടിന് പിന്നാലെ, കര്‍ശന നീരീക്ഷണത്തിന് സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

അതിനിടെ, ടിബറ്റിലെ ദുരന്തബാധിത മേഖലയിലെ രക്ഷാപ്രവര്‍ത്തനം ചൈന താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വീണ്ടും പ്രളയത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. മണ്ണിടിച്ചില്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി രൂപപ്പെട്ട തടയിണ തകര്‍ന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. രക്ഷാപ്രവര്‍ത്തകരോട് ഒരു കിലോമീറ്റര്‍ പിന്നോട്ട് മാറാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കി.