മദ്യനയം; യുഡിഎഫ് ഉപസമിതിയെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

 

 

യുഡിഎഫ് സർക്കാരിൻ്റെ മദ്യനയം ചർച്ച ചെയ്യാൻ ഉപസമിതി രൂപീകരിച്ചു. മുൻ എം എൽ എ കെ ശിവദാസൻ നായർ കൺവീനറായാണ് ഉപസമിതി. മുഖ്യമന്ത്രി വി ഡി സതീശനാണ് യുഡിഎഫ് ഉപസമിതിയെ പ്രഖ്യാപിച്ചത്. വിശദമായ ചർച്ചകൾക്ക് ശേഷം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. അധ്യക്ഷന് പുറമേ അങ്കമാലി മുൻ എംഎൽഎ പി.ജെ ജോയ്, ജെ ജയന്ത് എംഎൽഎ എന്നിവരാണ് സമിതിയിലെ കോൺ​ഗ്രസ് പ്രതിനിധികൾ. കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിൽ നിന്ന് മുൻ എം പി ജോയ് എബ്രഹാം, ആ‍‍ർ എസ് പിയിൽ നിന്ന് വിഷ്ണുമോഹൻ എംഎൽഎ, കേരള കോൺ​ഗ്രസ് ജേക്കബ് വിഭാ​ഗത്തിൽ നിന്ന് പാ‍‌ർട്ടി ചെയ‍ർമാൻ വാക്കനാട് രാധാകൃഷ്ണൻ, സിഎംപിയിൽ നിന്നുന്നും സി എ അജീർ എന്നിവരാണ് മറ്റ് അം​ഗങ്ങൾ.

സമിതിയിൽ മുസ്ലീം ലീഗിന് പ്രതിനിധിയില്ല. മദ്യനയം ആയതിനാൽ ലീഗ് പ്രതിനിധി ഇല്ലെന്ന് അറിയിക്കുകയായിരുന്നു. എക്സൈസ് മന്ത്രി എം. ലിജു അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് മദ്യനയത്തിലെ നിർദേശങ്ങൾ ഉപസമിതി വിശദമായി പരിശോധിക്കും. മദ്യനയവുമായി ബന്ധപ്പെട്ട് യു.ഡി.എഫിലെ വിവിധ ഘടകകക്ഷികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമിതി ചർച്ച ചെയ്യും. കരട് നയത്തിന് മന്ത്രിസഭ അന്തിമ അംഗീകാരം നൽകുന്നതിന് മുന്നോടിയായി, അതിൽ വരുത്തേണ്ട ഭേദഗതികളും നിർദേശങ്ങളും ഉൾപ്പെടുത്തി സമിതി യു.ഡി.എഫ് നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിക്കും.

ഈ മാസം മുപ്പതിന് മുൻപ് പുതിയ മദ്യനയം രൂപീകരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സാധാരണ യുഡിഎഫ് യോഗം ചേർന്നാണ് നയപരിപാടികൾ ചർച്ച ചെയ്യുന്നത്. ആറു മാസമായി യോഗം ചേരുന്നില്ല. സതീശൻ നേരിട്ടാണ് ഉപസമിതി അംഗങ്ങളെ പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയം. കൺവീനർ മുഖ്യമന്ത്രിക്കെതിരെ പരസ്യവിമർശനം ഉയർത്തിയ സ്ഥിതിക്ക് അടുർ പ്രകാശുമായി ഉപസമിതിയുടെ നിയമനം ചർച്ച ചെയ്തോ എന്ന് വയ്ക്തമല്ല.