എല്എല്ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്ഷം മുതല് മാറ്റം
വരുന്ന അധ്യയന വര്ഷം മുതല് എല്എല്ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില് നടത്താന് സര്ക്കാര് അനുമതി നല്കി. വിദ്യാര്ഥികളുടെ ആവശ്യവും മാതൃഭാഷാ നയവും മുന്നിര്ത്തിയാണ് നടപടി. എല്എല്ബി പ്രവേശന പരീക്ഷാ ചോദ്യങ്ങള് മലയാളത്തില്ക്കൂടി ലഭ്യമാക്കാന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ് നല്കിയ നിര്ദേശത്തെ തുടര്ന്നാണ് ഈ നിര്ണായക തീരുമാനം. മലയാളം ഐക്യ വേദി നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിഷയത്തിലെ സാങ്കേതിക തടസ്സങ്ങള് പരിഹരിച്ചുകൊണ്ടാണ് പരീക്ഷ മലയാളത്തിലും ലഭ്യമാക്കാന് തീരുമാനിച്ചത്. ചോദ്യപേപ്പര് വിവര്ത്തനം ചെയ്യുന്നതിലെ കൃത്യത ഉറപ്പാക്കുന്നതിനും പരീക്ഷയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനുമായി നിയമപരിജ്ഞാനമുള്ള വിദഗ്ധരുടെ പാനല് തയ്യാറാക്കുക, ആധുനിക സോഫ്റ്റ് വെയര് സംവിധാനങ്ങള് പ്രയോജനപ്പെടുത്തുക തുടങ്ങിയ നിര്ദ്ദേശങ്ങള് സര്ക്കാര് പരിഗണിച്ച് കുറ്റമറ്റ രീതിയിലാകും പ്രവേശന പരീക്ഷ നടത്തുക. വിവര്ത്തനത്തില് എന്തെങ്കിലും അര്ത്ഥവ്യത്യാസമോ ആശയക്കുഴപ്പമോ ഉണ്ടായാല് ഇംഗ്ലീഷ് ചോദ്യമായിരിക്കും അന്തിമമായി പരിഗണിക്കുക എന്ന വ്യവസ്ഥയും പ്രോസ്പെക്ടസില് ഉള്പ്പെടുത്തും.