എൽപിജി ഉത്പാദനം 30 ശതമാനം വർധിപ്പിച്ചു; ഇന്ധനക്ഷാമം ഇല്ലെന്ന് കേന്ദ്രം

 

രാജ്യത്ത് പാചകവാതക ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഗാർഹിക എൽപിജി സിലിണ്ടറുകളുടെ ഉത്പാദനം 30 ശതമാനം വർധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ആശങ്കകൾക്കിടെയാണ് ഉത്പാദനം കൂട്ടി പ്രതിസന്ധി മറികടക്കാൻ സർക്കാർ നീക്കം ആരംഭിച്ചത്. രാജ്യത്തെ പെട്രോൾ പമ്പുകളിൽ ഇന്ധനമില്ലെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

എൽപിജി ക്ഷാമം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഉത്പാദനം വർധിപ്പിച്ചത് വഴി കൂടുതൽ സിലിണ്ടറുകൾ വിതരണ ശൃംഖലയിൽ എത്തിക്കാൻ തീരുമാനിച്ചത്. നിലവിൽ ഇന്ധനക്ഷാമം ഇല്ലെന്നും അനാവശ്യ ഭീതി പരത്തരുതെന്നും അധികൃതർ അറിയിച്ചു.

അതേസമയം, സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘ്ചിയുമായി ടെലിഫോണിൽ സംസാരിച്ചു. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയിൽ ഭൂരിഭാഗവും ഹോർമുസ് കടലിടുക്ക് വഴിയായതിനാൽ ഈ മേഖലയിലെ ഗതാഗത തടസ്സം നീക്കുന്നത് രാജ്യത്തിന് നിർണ്ണായകമാണ്.