തമിഴ്നാട് മുൻ മന്ത്രിയും മകനും പ്രതികളായ കള്ളപ്പണക്കേസിൽ ഇഡിക്ക് തിരിച്ചടി, കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

 

 

തമിഴ്നാട് മുൻ മന്ത്രിയും മകനും പ്രതികളായ കള്ളപ്പണക്കേസിൽ ഇഡിക്ക് തിരിച്ചടി. ഡിഎംകെ നേതാവ് കെ പൊന്മുടിക്കെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. 2006നും 2011നും ഇടയിൽ പൊന്മുടി ഖനിവകുപ്പ് മന്ത്രി ആയിരിക്കെ ഖജനാവിന് 28 കോടി രൂപ നഷ്ടം വരുത്തിയെന്ന കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിർണായക നടപടി. അനധികൃത ചെമ്മണ്ണ് ഖനനത്തിലൂടെ സമ്പാദിച്ച പണം, മന്ത്രിയും മകനും ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്നായിരുന്നു ഇഡിയുടെ വാദം. എന്നാൽ കള്ളപ്പണ നിയമം ചുമത്തുന്നതിന് ആധാരമായ വിജിലൻസ് കേസ് വിചാരണ കോടതി ഏപ്രിലിൽ തള്ളിയതിനാൽ ഇഡി നടപടികൾ നിലനിൽക്കില്ലെന്ന് പൊന്മുടി വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.